‘മകനെ, നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു’; പാതിരിക്കു പകരം AI ക്രിസ്തു ഇനി കുമ്പസാരക്കൂട്ടിലിരുന്ന് പാപങ്ങള്‍ക്ക് പരിഹാരം പറയും
പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ ഇനി പള്ളീലച്ചനെ തേടി പോകണ്ട. അതിനും പരിഹാരമായി കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും. സ്വിറ്റ്‌സര്‍ലണ്ടിലെ ലുസേണിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയിലാണ് എഐ കര്‍ത്താവ് കുമ്പസാരം കേള്‍ക്കുന്നത്.
അങ്ങനെ ലോകരക്ഷകനെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യേശു ക്രിസ്തുവിനു ബദലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്രിസ്തു രംഗപ്രവേശനം ചെയ്തുകഴിഞ്ഞു. കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള സഭാനേതൃത്വങ്ങളും ക്രൈസ്തവരും ഈ പുതിയ സംഭവ വികാസങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുയാണ്. പത്ത് കല്പനങ്ങള്‍ ലംഘിച്ച കാര്യങ്ങള്‍ അനുതാപത്തോടെ പറഞ്ഞാല്‍ എഐ കര്‍ത്താവ് മണിമണിയായി മറുപടിയും തരും. ഒരു കാര്യം ഈ കുമ്പസാര കൂട്ടിലിരിക്കുന്ന ക്രിസ്തു ഒരു കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട് – ‘നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും എഐ ക്രിസ്തുവിനോട് പറയരുത്. അങ്ങനെ പറയുന്നതിന്റെ റിസ്‌ക്കും നിങ്ങള്‍ സ്വയം ഏറ്റെടുത്തോണം’ – എന്ന മുന്നറിയിപ്പ് കുമ്പസാരകൂടിന് മുന്നില്‍ പതിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിലെ സുവിശേഷകനായ പാസ്റ്റര്‍ ടിനു ജോര്‍ജ് , തന്നോട് കര്‍ത്താവ് ഫോണില്‍ സംസാരിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു. ഈ പാസ്റ്ററിനെതിരെ ഒരുപാട് ട്രോളുകളും ഇറങ്ങിയിരുന്നു. ഒരു പക്ഷേ, വല്ല എഐ ടെക്‌നോളജി ഉപയോഗിച്ച് പടച്ചുണ്ടാക്കിയതാണോ കര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം എന്നു പോലും സംശയിക്കുന്നവരുണ്ട്. അതിനിടയിലാണ് എഐ ക്രിസ്തു അങ്ങ് സ്വിറ്റ്‌സര്‍ലണ്ടിലിരുന്ന് കുമ്പസാരം കേള്‍ക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന അര്‍ത്ഥമുള്ള ‘ഡ്യൂസ് ഇന്‍ മച്ചിന’ Deus in Machina ( യന്ത്രത്തിലും ദൈവം) പദ്ധതിയുടെ ഭാഗമായാണ് കുമ്പസാരക്കൂട്ടില്‍ എ എ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. ഹോളോഗ്രാമായിട്ടാണ് കുമ്പസാരക്കുട്ടില്‍ യന്ത്ര യേശുവിനെ തയ്യാറാക്കിയിരിക്കുന്നത്. ആത്മാവിനെ ആശ്വസിപ്പിക്കുന്ന സാരോപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് യന്ത്ര യേശു നല്‍കുന്നതെന്ന് ഒരു വിശ്വാസി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. എഐ സഹായം പള്ളിയുടെ പരമാവധി മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. വിശ്വാസിയുടെ ആവശ്യങ്ങള്‍, ആവലാതികള്‍ യന്ത്ര യേശു വ്യാഖ്യാനിച്ചെടുക്കും. വേദപുസ്തകം അടിസ്ഥാനമാക്കിയുള്ള മറുപടി പറയും. ഉടന്‍ തന്നെ ഹോളോഗ്രാം രുപത്തിലുള്ള മുഖചലനങ്ങള്‍ ആനിമേറ്റ് ചെയ്യും – യഥാര്‍ത്ഥ ക്രിസ്തു സംസാരിക്കുന്ന പോലെ വിശ്വാസിക്കു തോന്നും. കര്‍ത്താവ് നേരിട്ട് വന്ന് സംസാരിക്കുന്ന പ്രതീതി ജനിപ്പിക്കും. എഐ കര്‍ത്താവിനെ കൊണ്ട് 100 ഭാഷകള്‍ സംസാരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ നിര്‍മ്മാതാക്കളായ ലുസേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ് ആന്റ് ആര്‍ട്ട്‌സിലെ സയന്റിസ്റ്റുകള്‍.
ലുസേന്‍ സെന്റ് പീറ്റേഴ്‌സ് ചാപ്പലിലെ ദൈവ ശാസ്ത്രജ്ഞനായ മാര്‍ക്കോ ഷിമിഡിനാണ് പദ്ധതിയുടെ മേല്‍ നോട്ടം വഹിച്ചത്. എ ഐ യേശുവിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സഭ മറുപടി പറയേണ്ടി വരും. പുരോഹിതരുടെ നിലപാടും വളരെ പ്രസക്തമാണ്. പള്ളീലച്ചമ്മാര്‍ ചെയ്യേണ്ട പണി എ ഐ ക്രിസ്തു ചെയ്യുന്നതിനോട് വൈദികര്‍ യോജിക്കുമെന്ന് തോന്നുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here