എഐഎഡിഎംകെ ബന്ധം മുറിഞ്ഞതോടെ അടഞ്ഞത് ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള വഴി; തമിഴ്നാട്ടില്‍ പുതുവഴി തേടി ബിജെപി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുവഴി തേടി ബിജെപി. എഐഡിഎംകെ സഖ്യം പിരിഞ്ഞത് തിരിച്ചടിയായിരിക്കെയാണ് സംസ്ഥാനത്ത് ബിജെപി പുതുവഴി തേടുന്നത്. ബിജെപിയുടെ തമിഴ് കരുത്തിന്റെ പ്രതീകമായിരുന്നു എഐഎഡിഎംകെ. സഖ്യം മുറിഞ്ഞതോടെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള വഴിയാണ് ബിജെപിയ്ക്ക് മുന്നില്‍ അടയുന്നത്.

എന്‍ഡിഎ വിട്ടു എന്ന് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്ര നേതാക്കളെ കാണാനെത്തിയ എടപ്പാടി പളനിസാമിയോട് ഒട്ടും അനുകൂലമായ സമീപനമല്ല ബിജെപി കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ സഖ്യം വിടുകയല്ലാതെ എഐഎഡിഎംകെയുടെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധ്യത തേടിയുള്ള നീക്കങ്ങളിലാണ് ബിജെപി എഐഎഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ടത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് എഐഎഡിഎംകെ വഴി പിരിയുന്നതും.

2019-ൽ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഒ.പനീർശെൽവത്തിന്റെ മകൻ രവീന്ദ്രനാഥ് കുമാറാണ് എഐഎഡിഎംകെയുടെ വിജയിച്ച ഏക സ്ഥാനാർഥി. ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെയുടെ വോട്ട് വിഹിതത്തിൽ വൻ ഇടിവിന് കാരണമായിട്ടുണ്ട്. ഇതെല്ലാം ബന്ധം വേര്‍പ്പെടുത്തുന്നതിന് എഐഎഡിഎംകെയെ പ്രേരിപ്പിച്ചിരിക്കാം.

ജയലളിതയുടെ കാലത്ത് 1998-ല്‍ എഐഎഡിഎംകെ- ബി.ജെ.പി.യും സഖ്യം വന്നെങ്കിലും അത് ഒരുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. 2004-ല്‍ വീണ്ടും യോജിച്ചെങ്കിലും വൈകാതെ പിരിഞ്ഞു. പിന്നീട് ജയലളിതയുടെ മരണശേഷം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പാണ് സഖ്യം പുനഃസ്ഥാപിച്ചത്. ‘ഇന്ത്യ’ പ്രതിപക്ഷകൂട്ടായ്മ കരുനീക്കങ്ങള്‍ ശക്തമാക്കുന്നതിനിടയില്‍ തമിഴ്‌നാട്ടിലുണ്ടായ തിരിച്ചടി പരിഹരിക്കുക പാര്‍ട്ടിയ്ക്ക് അത്ര എളുപ്പമല്ല.

കര്‍ണാടകത്തില്‍ ജനതാദള്‍-എസുമായി കൂട്ടുണ്ടാക്കിയപ്പോള്‍ തന്നെയാണ് തമിഴ്നാട്ടില്‍ ഒരു സഖ്യകക്ഷിയെ ബിജെപിയ്ക്ക് നഷ്ടമായത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍, ബിഹാറില്‍ ജെ.ഡി.യു. എന്നീ പാര്‍ട്ടികളും എന്‍ഡിഎ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ തമിഴ്നാട്ടില്‍ ഉള്‍പ്പെടെ കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി എന്‍ഡിഎ ശക്തമാക്കുക എന്ന വഴി തന്നെയാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top