ദ ന്യൂ ഇന്ത്യന്‍ എക്പ്രസിന്റെ ‘പ്ലാന്റേഷന്‍’ വാര്‍ത്തക്കെതിരെ നിയമ നടപടിയുമായി എഐസിസി, കനഗോലു സര്‍വെ ഒന്നും നടത്തിയിട്ടില്ലെന്ന് കെസി വേണുഗോപാല്‍

2026 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ള കോണ്‍ഗ്രസിന്റെ ശ്രമം അപകടത്തിലാണെന്നും മൂന്നാം തവണയും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു നടത്തിയ ആഭ്യന്തര സര്‍വേയില്‍ പറയുന്നതായി സൂചന എന്ന മട്ടില്‍ കഴിഞ്ഞ ഞായറാഴ്ച ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ്’ പത്രത്തില്‍ വന്ന വാര്‍ത്തയാണ് എഐസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. വാര്‍ത്തക്കെതിരെ പത്രത്തിന് എഐസിസി ലീഗല്‍ സെല്‍ നോട്ടിസ് അയച്ചതായി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാമത്തെ തവണ പരാജയത്തിലേയ്ക്ക് നീങ്ങുമെന്നാണ് കനുഗോലുവിന്റെ സര്‍വെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്നാണ് പത്രം അടിച്ചു വിട്ടത്. 2016ലേയും 2021ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ, അധികാരം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് സര്‍വേ വലിയ തിരിച്ചടിയാകുമെന്നുമാണ് ‘ലീഡര്‍ഷിപ്പ് ബ്ലൂസ് ആന്റ് സര്‍വെ ഡൂം’ (Leadership blues & survey doom) എന്ന തലക്കെട്ടില്‍ എഴുതിയ വാര്‍ത്തയുടെ ഉള്ളടക്കം. ഈ വാര്‍ത്തയുടെ പിന്നില്‍ ഡല്‍ഹി ബ്യൂറോയിലെ സിപിഎം അനുഭാവിയായ വനിത ലേഖികയാണെന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം.

ആധികാരികമെന്ന് തോന്നിപ്പിക്കുന്ന വാര്‍ത്തയിലുടനീളം സൂചനകള്‍ മാത്രമാണ് പറയുന്നത്. വാര്‍ത്തക്ക് അടിസ്ഥാനമായി പറയുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലോ, രേഖയുടെ പ്രസക്ത ഭാഗമോ പുറത്തു വിടാന്‍ പത്രത്തിനോ വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടര്‍ക്കോ കഴിഞ്ഞിട്ടില്ല. ഒറ്റ നോട്ടത്തില്‍ സിപിഎമ്മിനു വേണ്ടി തയ്യാറാക്കിയ പ്ലാന്റേഷന്‍ വാര്‍ത്തയാണെന്ന് മനസിലാകും.

ചില നിക്ഷിപ്ത താത്പര്യക്കാര്‍ കോണ്‍ഗ്രസിനെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പോലും പ്രസിദ്ധീകരിക്കുന്നതെന്നാണ് കെ സി വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

“വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നത് മുന്‍പും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായി സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനെതിരെ എഐസിസി ലീഗല്‍ സെല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയാണ് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയത്. കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് അവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്”. വേണുഗോപാല്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത്തരത്തില്‍ ഏതെങ്കിലും സര്‍വെ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേര്‍ന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു എന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top