ബിജെപിയുമായി സഖ്യമില്ലെന്ന് എഐഡിഎംകെ; പടക്കം പൊട്ടിച്ച് സ്വാഗതം ചെയ്ത് അണികള്‍

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി. എൻഡിഎ സഖ്യത്തിൽ നിന്നും പിൻമാറിയതായി എഐഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന -ജില്ലാ നേതാക്കളുടെ യോഗത്തിനൊടുവിലാണ് ബിജെപിയുമായി സഖ്യം വേണ്ട എന്ന തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനത്തെ ചെന്നൈയിൽ പടക്കം പൊട്ടിച്ചാണ് എഐഎഡിഎംകെ പാർട്ടി പ്രവർത്തകർ തീരുമാനത്തെ സ്വാഗതം ചെയ്തത്.
ദേശീയ തലത്തിലും എൻഡിഎയുമായി സഹകരണമില്ല.സംസ്ഥാനത്ത് പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടും ഏകകണ്ഠമായാണു തീരുമാനമെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെപി മുനുസാമി അറിയിച്ചു.
മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വിവാദ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്.
എഐഡിഎംകെയുമായി സഖ്യം വേണ്ടെന്ന് അണ്ണാമലൈ പല തവണ തുറന്നടിച്ചിരുന്നു. ഇരു പാർട്ടികളും തമ്മിലുണ്ടായ പ്രശ്നങ്ങൾക്ക് ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് താൽക്കാലിക പരിഹാരമുണ്ടാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ വീണ്ടും തർക്കങ്ങൾ ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും സഖ്യം അവസാനിപ്പിക്കുന്നതിന് കാരണമായി.എഐഡിഎംകെ യുടെ തീരുമാനത്തിൽ സംസ്ഥാന അധ്യക്ഷൻ ബിജെപി അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here