മുഖം മറച്ചെത്തി അജ്ഞാത ഡെലിവറി ഗേള്‍; ആവര്‍ത്തിച്ച് ചോദിച്ച് ഷിനിയെന്ന് ഉറപ്പാക്കി; പിന്നാലെ മുഖം ലക്ഷ്യമാക്കി മൂന്നുറൗണ്ട് വെടി
അമേരിക്കയടക്കം വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാറുളളതിന് സമാനമായ ആക്രമണമാണ് തിരുവനന്തപുരത്ത് ഇന്ന് രാവിലെ വീട്ടമ്മക്ക് നേരെയുണ്ടായത്. പെരുന്താന്നിയിലെ പടിഞ്ഞാറെകോട്ടയിലെ വീട്ടിൽ പാഴ്സൽ നൽകാനെന്ന പേരിൽ രാവിലെ എത്തിയ യുവതിയാണ്, നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ പിആർഒ ആയ ഷിനിയെ വെടിവച്ചത്. ഞായറാഴ്ച ആയതിനാല്‍ കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുണ്ടായിരുന്നു. തീർത്തും അപ്രതീക്ഷിതമായ ആക്രമണത്തിൻ്റെ ഞെട്ടലിലാണ് പെരുന്താന്നിയും പരിസരങ്ങളുമെല്ലാം. തോക്കെടുത്തുള്ള ആക്രമണങ്ങൾ പുതുമയായ തലസ്ഥാന നഗരത്തിൽ, ഒരു സ്ത്രീ തോക്കുമായി ഇറങ്ങിയെന്ന വിവരം പോലീസിനെയും ഞെട്ടിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അടക്കം ഉന്നതര്‍ സ്ഥലത്തെത്തി. വഞ്ചിയൂർ പോലീസ് സ്റ്റേഷൻ ലിമിറ്റിലാണ് ആക്രമണം ഉണ്ടായത്.
രാവിലെ എട്ടരയോടെ ചെമ്പകശ്ശേരി റസിഡന്‍സ് അസോസിയേഷനിലെ പങ്കജ് വീടിന്റെ കോളിങ്ങ് ബെല്‍ അടിച്ചത് കേട്ട് വാതില്‍ തുറന്നത് ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായരായിരുന്നു. ഷിനിയ്ക്ക് റജിസ്ട്രേഡ് പാഴ്സലുണ്ടെന്ന് എത്തിയ യുവതി അറിയിച്ചു. മുഖം പൂര്‍ണ്ണമായും മറച്ച യുവതിയുടെ കൈയ്യില്‍ പാഴ്സൽ കവറും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സംശയമൊന്നും തോന്നിയില്ല. ഷിനി തന്നെ ഒപ്പിടണമെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഉള്ളിലായിരുന്ന ഷിനിയെ ഭാസ്‌കരന്‍ നായര്‍ വിളിച്ചത്. ഈ സമയം കയ്യിൽ പേന ഉണ്ടായിരുന്നില്ല. അതെടുക്കാൻ ഭാസ്‌കരന്‍ നായര്‍ വീടിനുള്ളിലേക്ക് പോയി. ഈ സമയത്താണ് വന്നയാൾ അരയില്‍ നിന്ന് തോക്കെടുത്ത് വെടിവച്ചു.
ഷിനിയാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമണം തുടങ്ങിയത്. അക്രമിക്ക് ആളെ നേരിട്ടറിയില്ല എന്ന് ഇതിൽ നിന്ന് വ്യക്തം. അതുകൊണ്ട് തന്നെ മറ്റാർക്കോ വേണ്ടി ചെയ്ത കൃത്യമെന്നാണ് നിഗമനം. ഷിനിയുടെ മുഖത്തിൻ്റെ ഭാഗത്തേക്ക് ചൂണ്ടിയാണ് വെടിവച്ചത് എന്നതിൽ നിന്ന് കൊലപാതകം തന്നെയായിരുന്നു ലക്ഷ്യമെന്ന് അനുമാനിക്കാം. മൂന്ന് റൗണ്ട് വെടിയാണ് വച്ചത്. മുഖം പൊത്തിപ്പിടിച്ചതോടെ ഒരു വെടി കയ്യിൽ കൊണ്ടു. പിന്നീട് തടയാന്‍ ശ്രമിച്ചപ്പോൾ ഉന്നംതെറ്റി രണ്ടു വെടി ഭിത്തിയിൽ തറച്ചു. വീടിന്റെ പടിക്കെട്ടില്‍ നിന്നാണ് വെടിവച്ചത്. എയർഗൺ ആയിരുന്നെങ്കിലും ഇത്രയും ക്ലോസ് റേഞ്ചിൽ വെടിവച്ച് തലയിലോ മുഖത്തോ കൊണ്ടാൽ മരണം സംഭവിക്കാം.
ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുമെന്ന് തോന്നിയതിനാലാകാം, ഇത്രയുമായപ്പോൾ അക്രമി ഓടി രക്ഷപെടുകയായിരുന്നു. വീട്ടുകാരുടെ മൊഴിപ്രകാരം ജീന്‍സും ഷര്‍ട്ടും ധരിച്ച യുവതിയാണ് എത്തിയത്. നല്ല പൊക്കവും ആരോഗ്യമുണ്ടെന്നും, ഇവരെ ഒരു പരിചയവുമില്ലെന്നും അച്ഛൻ ഭാസ്‌കരന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരെയും സംശയമില്ല എന്നാണ് ഷിനിയുടെയും മൊഴി. വെടിശബ്ദവും നിലവിളിയും കേട്ടെത്തിയ അയല്‍ക്കാര്‍ കണ്ടത് ഓടി രക്ഷപ്പെടുന്ന യുവതിയെയും ശരീരമാസകലം രക്തവുമായി നില്‍ക്കുന്ന ഷിനിയെയും ആണ്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിനിക്ക് കൈയിലെ പെല്ലറ്റ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തി. ഷിനിയുടെ ഭര്‍ത്താവ് മാലി ദ്വീപിലാണ് ജോലിചെയ്യുന്നത്. ഇവിടേക്കുള്ള വഴികളിലെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. ഷിനിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയാലേ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകൂ. താൽക്കാലികമായി വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here