എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍; വിമാന സര്‍വീസുകള്‍ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാര്‍; മറ്റൊരു ദിവസം യാത്ര അനുവദിക്കാമെന്ന് കമ്പനി

തിരുവനന്തപുരം : ടാറ്റ എറ്റെടുത്തതിനു ശേഷം കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രം കമ്പനിയെ അറിയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇതോടെ വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള 12 സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ യാത്രക്കാരാണ് ദുരിതത്തിലായത്. നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സര്‍വീസുകളുമാണ് റദ്ദാക്കിയത്.

വിമാനങ്ങള്‍ റദ്ദാക്കിയ വിവരം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് കമ്പനി അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിസയുടെ കാലാവധി കഴിയാറായവരും മെഡിക്കല്‍ ആവശ്യത്തിന് എത്തിയവരുമാണ് പ്രതിഷേധിച്ചത്. വിമാനം റദ്ദാക്കിയത് കമ്പനി വ്യക്തമായ കാരണം കൂടി പറയാതിരുന്നതോടെ വിമാനത്താവളങ്ങളില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി.

കരിപ്പൂരില്‍ നിന്നുള്ള റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയില്‍ നിന്നുള്ള ഷാര്‍ജ മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കി. കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്.

മറ്റൊരു ദിവസം യാത്ര ചെയ്യാനുളള സൗകര്യം ഒരുക്കാമെന്ന ഉറപ്പാണ് കമ്പനി യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സീനിയര്‍ ക്യാബിന്‍ ക്രൂ വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കിയിരിക്കുന്നത്. 60 പേരാണ് കൂട്ട മെഡിക്കല്‍ ലീവ് എടുത്ത് പ്രതിഷേധിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top