‘സിഖുകാർ എയർ ഇന്ത്യ യാത്ര ഒഴിവാക്കുക, ജീവൻ അപകടത്തിലാകും’!! ഞെട്ടിച്ച് ഖലിസ്ഥാൻ തീവ്രവാദിയുടെ തുറന്ന പ്രഖ്യാപനം

എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ. 1984ലെ സിഖ് വിരുദ്ധ കലാപത്തിൻ്റെ 40-ാം വാർഷികത്തിന് മുന്നോടിയായിട്ടാണ് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

“എയർ ഇന്ത്യ വഴി യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുകയാണ്. നവംബർ 19 മുതൽ ആഗോള ഉപരോധം ഉണ്ടാകും. എയർ ഇന്ത്യയെ പ്രവർത്തിക്കാൻ അനുവദിക്കില്ല. സിഖുകാരേ, നവംബർ 19ന് ശേഷം എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്. നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാം” – എന്നാണ് പന്നൂനിൻ്റെ ഭീഷണി. കഴിഞ്ഞ വർഷവും ഇയാൾ സമാനമായ ഭീഷണി മുഴക്കിയിരുന്നു.

ALSO READ: ദില്ലി സ്‌ഫോടനത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളെന്ന് സംശയം; ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ച് എന്‍ഐഎ

യുഎസിൻ്റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള പന്നൂനിനെ 2020 ജൂലൈ മുതൽ രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ച് ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. ഇന്ത്യൻ പതാകയെ അപമാനിച്ചതിന് കുപ്രസിദ്ധി നേടിയ പന്നൂൻ നിരവധി തവണ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

1984 ന് ശേഷം ജനിച്ച പഞ്ചാബിലെ യുവാക്കളിൽ വിഘടനവാദം വളർത്തി ഇന്ത്യയ്‌ക്കെതിരെയും സിഖ് സമുദായത്തിന് നേരെയുള്ള അതിക്രമങ്ങൾക്കും പ്രേരിപ്പിക്കുക എന്നതാണ് പന്നൂനിൻ്റെയും സംഘടനയുടേയും ആശയം. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പന്നൂൻ എന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി പറയുന്നത്. ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നതിനായി ഐഎസ്ഐയിൽ നിന്നും പണവും ഇയാൾ കൈപ്പറ്റുന്നുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിരവധി ഗുരുദ്വാരകൾ സ്ഥാപിച്ച് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വളർത്തിയെടുക്കാൻ ഇയാൾക്കായി എന്നും ഇന്ത്യൻ ഏജൻസികൾ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top