വയോധികന്റെ മരണത്തില്‍ എയര്‍ ഇന്ത്യക്ക് നോട്ടീസ്; വീല്‍ചെയര്‍ സംവിധാനം വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്ന് ഡിജിസിഎ
മുംബൈ: വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധികന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് നടപടി സ്വീകരിച്ചത്. നോട്ടീസിന് മറുപടി നൽകാന്‍ എയർ ഇന്ത്യയ്ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചു.
എയര്‍ ഇന്ത്യ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
നിയമപ്രകാരം യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് കയറുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികളുടെതാണ്. വിമാനക്കമ്പനികള്‍ വിമാനത്താവളത്തില്‍ മതിയായ വീല്‍ചെയര്‍ സംവിധാനം ഉറപ്പാക്കണമെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചു.
തിങ്കളാഴ്ചയാണ് എണ്‍പതുകാരനായ ബാബു പട്ടേലും ഭാര്യ നർമദാബെൻ പട്ടേലും ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. ഇരുവരും വീല്‍ചെയറിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. വീല്‍ചെയര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ ബാബുവിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീല്‍ചെയര്‍ സൗകര്യം ലഭിച്ച ഭാര്യയോടൊപ്പം നടക്കാമെന്ന് പറഞ്ഞു. ഒന്നര കിലോമീറ്ററോളം നടന്ന ബാബു ഇമിഗ്രഷന്‍ കൗണ്ടറിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here