എയര്‍ ഇന്ത്യയില്‍ ഏറ്റവും മോശം ബിസിനസ് ക്ലാസെന്ന് സര്‍വേ; ആഗോളതലത്തില്‍ വിമാനക്കമ്പനികളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്
ഡല്‍ഹി: ലോകത്ത് മോശം ബിസിനസ് ക്ലാസുള്ള വിമാനക്കമ്പനികളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ടാറ്റയുടെ എയര്‍ ഇന്ത്യ. മോശം ബിസിനസ് ക്ലാസുള്ള എയർലൈനുകളെക്കുറിച്ച് യുകെ ആസ്ഥാനമായ ബൗൺസ് ഏജൻസി നടത്തിയ സര്‍വേയിലാണ് ഇത് നിരീക്ഷിച്ചത്. 10-ൽ 7.4 ആണ് എയര്‍ ഇന്ത്യയുടെ സ്‌കോർ.
ക്യാബിൻ, സീറ്റ് സൗകര്യം, വിമാന സർവീസ്, വിനോദം, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തില്‍ എയർലൈനുകളുടെ റാങ്ക് നിശ്ചയിച്ചത്. ഈജിപ്ത് എയർ (5.71) ആണ് ഏറ്റവും മോശം പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കോപ്പ എയർലൈൻസ് (6.71), കുവൈറ്റ് എയർവേയ്‌സ് (7) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.
ക്യാബിൻ സീറ്റുകളാണ് എയര്‍ ഇന്ത്യയുടെ പ്രധാന പോരായ്മയായി കണ്ടെത്തിയത്. 6 പോയിന്‍റ് മാത്രമാണ് സീറ്റുകള്‍ക്ക് ലഭിച്ചത്. ഇൻ-ഫ്ലൈറ്റ് വിനോദം, പാചകരീതി, എയർപോർട്ട് അനുഭവം, പാനീയങ്ങൾ എന്നിവയ്ക്ക് 7 പോയിന്റുകളും ലഭിച്ചു. അതേസമയം ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ള വിമാനങ്ങളുടെ പട്ടികയില്‍ ആദ്യം ഇടം നേടിയത് സിംഗപ്പൂർ എയർലൈൻസാണ്. 10ല്‍ 9.5 ആണ് സ്കോര്‍. ഖത്തർ എയർവേയ്‌സും (9.43), ഒമാൻ എയറും (9.29) തൊട്ടടുത്ത സ്ഥാനങ്ങള്‍ നേടി.
അടുത്തിടെയാണ് പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പേരുദോഷം ടാറ്റക്ക് കനത്ത തിരിച്ചടിയാണ്. എന്നാല്‍ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായും നവീകരിക്കാനുള്ള പദ്ധതികള്‍ ടാറ്റ ആരംഭിച്ചതായാണ് പറയുന്നത്. 40 ലെഗസി ബോയിംഗ് 787, 777 വിമാനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. 2024 ജൂലൈയിൽ സീറ്റുകളും വിനോദ സംവിധാനങ്ങളും പൂർണ്ണമായും മാറ്റിസ്ഥാപിക്കും. നാല്പത്തൊന്ന് എ320 വിമാനങ്ങളുടെ നവീകരണവും ആരംഭിക്കും. എയർ ഇന്ത്യ ലോഞ്ചുകൾ നവീകരിക്കാന്‍ പ്രമുഖ ഹോസ്പിറ്റാലിറ്റി ഇൻ്റീരിയർ ഡിസൈൻ സ്ഥാപനമായ ഹിർഷ് ബെഡ്‌നർ അസോസിയേറ്റ്‌സിനെ നിയോഗിച്ചിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here