എയർ കേരള ലോഞ്ചിംഗ് ജൂണിൽ; ആദ്യ വിമാനം കൊച്ചിയിൽ നിന്നും പറന്നുയരും
പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള വിമാനകമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസിനായി ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി ഭാരവാഹികൾ നെടുമ്പാശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 2027 ൽ രാജ്യാന്തര സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.
സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാൽ പുതിയ വിമാനങ്ങൾ ഓർഡർ ചെയ്താൽ തന്നെ ലഭിക്കാൻ നാല് വർഷമെങ്കിലും വേണ്ടി വരും. അതുകൊണ്ടാണ് വാടകയ്ക്ക് വിമാനങ്ങൾ കൊണ്ടുവരുന്നത്. വാടകയ്ക്കെടുക്കുന്ന വിമാനങ്ങൾ ഏപ്രിലിൽ കൊച്ചിയിൽ എത്തിക്കും. സെറ്റ്ഫ്ലൈ എവിയേഷൻസ് ആണ് എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുന്നത്.
വിമാനകമ്പനിയുടെ ഹബ്ബ് ആയി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമ്മദ് പ്രഖ്യാപിച്ചു. 76 സീറ്റുകൾ ഉള്ള വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ സർവീസിനായി ഉപയോഗിക്കുന്നതെന്നും ഇതിൽ എല്ലാം എക്കണോമി ക്ലാസുകൾ ആയിരിക്കുമെന്നും സിഇഒ ഹരീഷ് കുട്ടി പറഞ്ഞു.
വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു. എം.പിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി മനു എയർ കേരള വൈസ് ചെയർമാൻ അയ്യൂബ് കല്ലട, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കീർത്തി റാവു, ഓപ്പറേഷൻസ് ഹെഡ് ഷാമോൻ സെയ്ദ് മുഹസദ് തുടങ്ങിയവർ സംസാരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here