ദുബായ് ഹോട്ടലിലെ ചിത്രങ്ങളുമായി കേരള പോലീസിനെ ഞെട്ടിച്ച് എയർപോർട്ട് ഡാനി; ഓണക്കാലം അടിച്ചുപൊളിക്കുന്ന രംഗം വൈറലായി
തിരുവനന്തപുരം: പോലീസിനെ വെട്ടിച്ച് ദുബായിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി എയർപോർട്ട് ഡാനി സ്റ്റെഫാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ദുബായിലെ ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്ന ഡാനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി.
‘മാവേലി കാളിങ്’ എന്ന പേരിലുള്ള ഡിജെയുടെ ചിത്രങ്ങള്‍ ഡാനി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ദുബായിലെ ഹൈഡ് പാര്‍ക്ക് ഹോട്ടലിലായിരുന്നു പാര്‍ട്ടി.
തലസ്ഥാനത്ത് തുമ്പയിൽ ഡാനിയുടെ നേതൃത്വത്തിൽ പൊതുവഴിയിൽ യുവാവിനെ ഭീഷണിപ്പെടുത്തി കാലു പിടിപ്പിച്ച രംഗങ്ങൾ പുറത്തതായതോടെയാണ് ഡാനി രാജ്യം വിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തുമ്പ പോലീസ് ഡാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
മുന്‍ വൈരാഗ്യത്തിന്റെ പേരിൽ മലയിന്‍കീഴ് സ്വദേശിയായ യുവാവിനെ ഡാനി തിരുവനന്തപുരത്തെ കരിമണലില്‍ വിളിച്ചുവരുത്തി കാലു പിടിപ്പിക്കുകയായിരുന്നു. ഇയാള്‍ ഡാനിയുടെ ഭാര്യയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തു എന്ന സംശയമാണ് പ്രകോപനത്തിനു കാരണമായത്.
ദുബായില്‍ ഇടയ്ക്കിടയ്ക്ക് പോയിവരാറുള്ള ഡാനിക്ക് ഡിജെ സംഘത്തില്‍ ജോലിയുണ്ട്. ഭാര്യയുടെ പേരില്‍ സംശയരോഗം ഉണ്ടായതോടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി. ഇതിനിടെ കുഞ്ഞിന് സുഖമില്ലാതെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 12ന് ആശുപത്രിയിൽ കഴിയുന്ന ഭാര്യയോട് സംസാരിക്കാന്‍ എത്തിയ യുവാവിനെ ഡാനി ആക്രമിച്ചു. കത്തിക്കുത്തില്‍ ഭാര്യക്കും പരിക്കേറ്റു. ഇതിനിടെ യുവാവിന്റെ ഫോണ്‍ കൈക്കലാക്കിയ ഡാനി ഈ ഫോണ്‍ തിരികെ കൊടുക്കാനെന്ന പേരിൽ നാല് ദിവസത്തിന് ശേഷം അയാളെ വിളിച്ചു വരുത്തി കാലുപിടിപ്പിക്കുക ആയിരുന്നു.
ഭാര്യയുമായി വാട്സാപ്പില്‍ ബന്ധപ്പെട്ടത് ചതി ആണെന്ന് ആരോപിച്ചാണ് യുവാവിനെ ആക്രമിക്കുന്നതും പിന്നിട് കാലുപിടിച്ചു മാപ്പ് പറയിക്കുന്നതും. പോലീസിന്റെ കണ്ണുവെട്ടിച്ച് മുംബൈ വഴിയാണ് ഡാനി ദുബായിലെത്തിയത്.