വീണ്ടും കർഷക ആത്മഹത്യ; വയനാട്ടിൽ കടബാധ്യത കാരണം ക്ഷീരകർഷകൻ ജീവനൊടുക്കി
വയനാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മാനന്തവാടി കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസാണ് (ജോയി-58) മരിച്ചത്. കടബാധ്യത കാരണമാണ് ആത്മഹത്യയെന്നും വിവിധ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി തോമസിന് 10 ലക്ഷം രൂപയുടെ കടബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ വീടിന് സമീപത്തെ തോട്ടത്തിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കല്ലോടിയിലെ കേരള ഗ്രാമീണ്‍ ബാങ്ക്, മക്കിയാടുള്ള ബാങ്ക് ഓഫ് ബറോഡ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും തോമസ് വായ്പ എടുത്തിട്ടുണ്ട്. വേറൊരാൾക്ക് വായ്പയെടുക്കാൻ ജാമ്യം നിന്നതിൽ മറ്റൊരു ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതായും ബന്ധുക്കൾ പറഞ്ഞു.
മാനന്തവാടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനൽകിയതായി പോലീസ് അറിയിച്ചു. ഭാര്യ ലിസമ്മ. സിജോ, സില്‍ജ എന്നിവര്‍ മക്കളാണ്. ശില്പ, ബിജു എന്നിവര്‍ മരുമക്കളുമാണ്.
കണ്ണൂർ ഇരിട്ടി സ്വദേശി സുബ്രഹ്‌മണ്യൻ എന്ന കർഷകനെ കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കറിലെ കൃഷി ഉപേക്ഷിച്ച് വാടക വീട്ടിലായിരുന്നു സുബ്രമണ്യൻ്റെ താമസം. കഴിഞ്ഞ ശനിയാഴ്ച കുട്ടനാട്ടില്‍ കടബാധ്യത കാരണം ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന്‍ കെ.ജി. പ്രസാദിൻ്റെ മരണത്തോടെ കേരളത്തിലെ കർഷക ആത്മഹത്യകൾ വലിയ ചർച്ചയായിരുന്നു. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ നൽകാനുള്ള പണം പിആർഎസ് വായ്പാ കുടിശ്ശികയായി മാറിയത് മൂലം ബാങ്ക് ലോൺ ലഭിച്ചില്ലെന്നും അതിനാലാണ് താൻ ജീവനൊടുക്കുന്നതെന്നും പ്രസാദ് കുറിപ്പ് എഴുതിവെച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here