എസ്എഫ്‌ഐയുടെ കാടത്തം തുറന്ന് കാട്ടാന്‍ എഐഎസ്എഫ്; മര്‍ദ്ദനമേറ്റവരുടെ വിവരങ്ങളുമായി പുസ്തകം

ഇടതുപക്ഷ ഐക്യത്തിന് വേണ്ടി ഇനി എസ്എഫ്‌ഐക്കാരുടെ അടിയും തൊഴിയും കൊള്ളാന്‍ മനസ്സില്ലെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച തങ്ങളുടെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വിശദ വിവരങ്ങളടങ്ങിയ പുസ്തകം ഉടന്‍ പുറത്തിറക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു. 2018 മുതല്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എല്ലാ ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ഈ വര്‍ഷം തന്നെ പുസ്തകം പുറത്തിറക്കുമെന്ന് എഐഎസ്എഫ് നേതൃത്വം മാധ്യമ സിന്‍ഡിക്കറ്റിനോട് വ്യക്തമാക്കി.
കാമ്പസുകളിലെ എസ്എഫ്‌ഐക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ പരസ്യമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പുസ്തകം ഉടന്‍ പുറത്തിറക്കുന്നത്. എസ്എഫ്‌ഐയുടേത് പ്രാകൃത സംസ്‌കാരമെന്നായിരുന്നു ബിനോയ് വിശ്വം വിശേഷിപ്പിച്ചത്. നാളെ ചേരുന്ന എഐഎസ്എഫ് സംസ്ഥാന കൗണ്‍സിലില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കുന്ന എസ്എഫ്‌ഐയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം തുടരേണ്ടതില്ലെന്നാണ് സംഘടനയ്ക്കുള്ളിലെ പൊതുവികാരം
സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ശുഭേഷ് സുധാകരന്‍ കടുത്തുരുത്തി പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എഐഎസ്എഫിന്റെ യൂണിറ്റ് തുടങ്ങാന്‍ ശ്രമിച്ചതിന്റെ പേരില്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് അവശനാക്കി 123 ദിവസമാണ് ശുഭേഷിനെ ആശുപത്രിയില്‍ കിടത്തിയത്. ‘ഞങ്ങളെ ഇന്ന് വരെ ഒരു കാമ്പസിലും കെഎസ്‌യുക്കാരും എബിവിപിക്കാരും മര്‍ദ്ദിച്ചിട്ടില്ല. ഞങ്ങളെ മര്‍ദ്ദിക്കുന്നതും കൊല്ലാന്‍ ശ്രമിച്ചിട്ടുള്ളതും എസ്എഫ്‌ഐക്കാരാണ്’ നാല് കൊല്ലം മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശുഭേഷ് വ്യക്തമാക്കിയിരുന്നു.
2018 ഡിസംബറില്‍, അതായത് പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബുവിനെ യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ വച്ച് മര്‍ദിച്ച ശേഷം നഗ്‌നനാക്കി റോഡിലൂടെ നടത്തിച്ചതും എസഎഫ്‌ഐക്കാരാണ്. ഒരു നടപടിയും ഉണ്ടായില്ല. സംഘടനയില്‍പ്പെട്ട വനിതാ പ്രവര്‍ത്തകരെ പ്പോലും ഇവര്‍ വെറുതെ വിടാറില്ലെന്നാണ് ആരോപണം. എംജി യൂണിവേഴ്‌സിറ്റിയിലെ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നേതൃത്വത്തിലാണ് ഭീകരമായി മര്‍ദ്ദിച്ചത്. ഇത്തരത്തില്‍ എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here