ഇന്ത്യയുടെ സൗന്ദര്യം, ആരാധകരുടെ ആഷിന് അൻപതാം പിറന്നാൾ

ഇന്ത്യൻ സൗന്ദര്യത്തിന്റെ പര്യായമായ ഐശ്വര്യ റായ്ക്ക് അൻപതാം പിറന്നാൾ. നീലകണ്ണുകളുള്ള, അനായാസമായി നൃത്തം ചെയ്യുന്ന ഈ താരസുന്ദരി സൗന്ദര്യത്തിന്റെ പര്യായമായി നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി.

മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 നവംബർ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈസ്കൂളിലാണ് ഐശ്വര്യ സ്കൂൾ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചർച്ച്ഗേറ്റിലുള്ള ജയ്ഹിന്ദ് കോളേജിൽ ചേർന്ന ഐശ്വര്യ, ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തിൽ മികവ് പുലർത്തിയ ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആവാനായിരുന്നു മോഹം. പഠനത്തോടൊപ്പം നൃത്തത്തിലും ഐശ്വര്യ പരിശീലനം നേടി.

ആർക്കിടെക്ചർ പഠനത്തിനിടയിൽ ഐശ്വര്യ മോഡലിങ്ങും ചെയ്തു. 1500 രൂപയായിരുന്നു ആദ്യ പ്രതിഫലം. മോഡലിങ് കാലത്താണ് ഐശ്വര്യ സൗന്ദര്യ മത്സരരംഗത്ത് ഭാഗ്യം പരീക്ഷിക്കുന്നത്. അതോടെ കോളേജ് പഠനം പൂർത്തിയാക്കാനായില്ല. 1994-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്താണ് ഐശ്വര്യയെത്തിയത്. സുസ്മിത മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തപ്പോൾ അതേ വർഷം ഐശ്വര്യ മിസ് വേൾഡ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകസൗന്ദര്യ വേദിയിൽ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച വർഷമായിരുന്നു 1994. സുസ്മിത മിസ് യൂണിവേഴ്സ് പട്ടവും ഐശ്വര്യ മിസ് വേൾഡ് പട്ടവും നേടി രാജ്യത്തിന്റെ അഭിമാന താരങ്ങളായി.

മണിരത്നനം സംവിധാനം ചെയ്ത 1997 ൽ പുറത്തിറങ്ങിയ ‘ഇരുവറി’ൽ മോഹൻലാലിന്റെ നായികയായാണ് ഐശ്വര്യ സിനിമയിൽ കാലെടുത്ത് വയ്ക്കുന്നത്. പിന്നാലെ ബോളിവുഡിൽ അരങ്ങേറ്റം. ബോബി ഡിയോൾ നായകനായ ‘ഓർ പ്യാർ ഹോഗയാ’ എന്ന ചിത്രത്തിലായിരുന്നു തുടക്കം. പിന്നീട് ശങ്കർ സംവിധാനം ചെയ്ത ‘ജീൻസിൽ’ അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം (സൗത്ത്) ലഭിച്ചു.

1999-ൽ പുറത്തിറങ്ങിയ ‘ഹം ദിൽ ദേ ചുകേ സനം’ ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതേ വർഷം പുറത്തിറങ്ങിയ ‘താൽ’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിർദ്ദേശവും നേടി. 2000-ൽ, ‘മൊഹബത്തേൻ’, ‘ജോഷ്’ എന്നീ ഹിന്ദി സിനിമകളും ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന തമിഴ് സിനിമയും ചെയ്ത് അഭിനേത്രി എന്ന സ്ഥാനം ഉറപ്പിച്ചു. രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ മമ്മൂട്ടിയായിരുന്നു ഐശ്വര്യയുടെ നായകൻ. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയൻ സെൽവനാ’യിരുന്നു ഐശ്വര്യയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഏത് ശൈലിയും വഴങ്ങുന്ന അസാമാന്യ നർത്തകിയാണ് ഐശ്വര്യ. ഡോലാരേ , ബർസോരേ മേഘാ, ഹലോ മിസ്റ്റർ എതിർകച്ചി , ഹൈര ഹൈര ഹൈരപ്പാ, കണ്ണാമൂച്ചി, കജ്രാരേ, കൽവരേ , ഇരുമ്പിലേ ഒരു, ധൂം തുടങ്ങി ആഷിന്റെ നൃത്തം കൊണ്ട് ഹിറ്റായി മാറിയ ഗാനങ്ങൾ ഒട്ടേറെയാണ്.

2007 ലാണ് ഐശ്വര്യ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട് .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top