83 എത്തിയപ്പോൾ എകെ ആൻ്റണി മൗനത്തിലാണ്ടു; നേരിൽ കണ്ടപ്പോൾ രാഷ്ട്രീയം പറയില്ലെന്ന് ഉപാധി; പലവിധ ബന്ധനങ്ങളിൽ മുതിർന്ന നേതാവ്

തിരുവനന്തപുരം: മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിക്ക് 83 തികഞ്ഞു. കോണ്‍ഗ്രസ് പാർട്ടിക്ക് 139 വർഷം തികയുമ്പോഴാണ് ആന്റണിക്കും പിറന്നാൾ എത്തിയത്. പതിവുപോലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ എത്തിയെങ്കിലും ഒരു രാഷ്ട്രീയവും പറയില്ല എന്ന പതിവില്ലാത്ത നിലപാടിലായിരുന്നു ആൻ്റണി. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചോ കോണ്‍ഗ്രസ് പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ചോ ഒന്നും പ്രതികരിക്കാൻ തയ്യാറില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവുണ്ടാകുമോ എന്ന മാധ്യമ സിൻഡിക്കറ്റിൻ്റെ ചോദ്യത്തോട് പോലും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ പ്രവർത്തക സമിതിയംഗം.

ഒരു ജന്മദിനവും ആഘോഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പിറന്നാളും ആഘോഷിക്കുന്നില്ല -എ.കെ.ആന്റണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേരളത്തില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ നവകേരള സദസിനെക്കുറിച്ച് പോലും ഈ ദിവസങ്ങളിൽ ആന്റണി മിണ്ടിയിട്ടില്ല. ദിവസവും കെപിസിസി ഓഫീസിൽ എത്തുന്നുണ്ട്. ദിനേന ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുകയും പാര്‍ട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടുപോലും മാധ്യമങ്ങളുമായി പ്രതികരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എന്തുകൊണ്ട് ആണിത്? പല കാരണങ്ങളാണ് അദ്ദേഹത്തെ മൗനത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

സജീവരാഷ്ട്രീയത്തില്‍ നിന്നും ഏറെക്കുറെ വിരമിച്ച മനസുമായാണ് നില്‍പ്പ്. മകന്‍ അനില്‍ ആന്റണി ബിജെപിയിലെത്തുകയും ദേശീയ സെക്രട്ടറിയാവുകയും ചെയ്തതില്‍ ആന്റണിയോട് പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. അദ്ദേഹത്തിന്റെ ആശിസുകളോടെയാണ് അനിൽ മറുപക്ഷത്ത് എത്തിയത് എന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്.

ഭാര്യ എലിസബത്ത് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നടത്തിയ വെളിപ്പെടുത്തൽ പുറത്ത് ചർച്ചയായതും വലിയ തലവേദനയായി. ഇതൊന്നും വിശദീകരിക്കാൻ കഴിയാതെയാണ് അദ്ദേഹം മൗനത്തിലായതെന്ന് അടുപ്പക്കാർക്കെല്ലാം അറിയാം. എങ്കിലും കോൺഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിലുള്ള വിശ്വാസം കൈവെടിഞ്ഞിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിച്ചിട്ടും പ്രവര്‍ത്തക സമിതിയില്‍ ഉള്‍ പ്പെടുത്തി. സോണിയാ ഗാന്ധിയുടെ വിശ്വസ്തനെന്നതും അദ്ദേഹത്തിന് തുണയായി. ഇതെല്ലാം മനസിലാക്കി തന്നെയാണ് ആന്റണിയുടെ നീക്കങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top