അഴിമതി ആരോപണത്തിൽ ആടിയുലഞ്ഞ് ആൻ്റണി കുടുംബം; പ്രതിരോധ രഹസ്യം വിറ്റ വ്യക്തിക്ക് സീറ്റ് കൊടുത്തതിൽ നാണംകെട്ട് ബിജെപി; മക്കളുടെ നാറ്റക്കഥകളിൽ വലഞ്ഞ് സിപിഎം

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയായ മകനെതിരെ ഉയർന്ന കോഴ ആരോപണം മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയേയും സംശയത്തിൻ്റെ മുൾമുനയിലാക്കി. ആൻ്റണി രാജ്യരക്ഷാ മന്ത്രിയായിരുന്ന കാലത്ത് മകൻ പ്രതിരോധ രഹസ്യങ്ങൾ വിറ്റുവെന്ന ആരോപണം അദ്ദേഹത്തിൻ്റെ അഴിമതി രഹിത പ്രതിഛായയ്ക്ക് കടുത്ത കളങ്കം ചാർത്തുന്നതാണ്. പ്രതിരോധ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നത് അറിഞ്ഞാണ് അനിൽ ബിജെപിയിൽ ചേർന്നതെന്നാണ് ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണം.
ദേശീയതയും ദേശസ്നേഹവുമൊക്കെ തരാതരം പോലെ തിരഞ്ഞെടുപ്പ് കാലത്ത് വാരിവിതറുന്ന ബിജെപിയുടെ പത്തനംതിട്ടയി ലെ സ്ഥാനാർത്ഥി അനിൽ ആൻ്റണി രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ തൽപരകക്ഷികൾക്ക് വിറ്റുവെന്ന നന്ദകുമാറിൻ്റെ ആരോപണത്തിന് മറുപടി പറയാനാവാതെ കറങ്ങുകയാണ് ബിജെപി നേതൃത്വം. യുപിഎ ഭരണകാലത്ത് പ്രതിരോധ രഹസ്യങ്ങൾ അടങ്ങിയ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ അനിൽ വിറ്റുകാശാക്കിയെന്ന അത്യന്തം ഗുരുതരമായ ആരോപണമാണ് നന്ദകുമാർ ഉന്നയിച്ചത്. ഈ ആക്ഷേപം ചെന്ന് തറയ്ക്കുന്നത് ആൻ്റണിക്ക് മേലാണ്. ഡൽഹിയിലെ ഒബ്രോയി ഹോട്ടൽ കേന്ദ്രീകരിച്ചാണ് അനിലും കൂട്ടരും കച്ചവടം നടത്തിയതെന്നാണ് ദല്ലാളിൻ്റെ ആക്ഷേപം. ആറ് പതിറ്റാണ്ട് നീണ്ട അഴിമതിവിരുദ്ധ പൊതുജീവിതത്തിൽ ആൻ്റണിക്കെതിരെ ഇത്രയും ഗുരുതരമായ ആക്ഷേപം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മകനുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല.
രാജ്യരക്ഷയുടെ വിവരങ്ങൾ ചോർത്തി വിറ്റ വ്യക്തിയെ ചുമക്കുന്നതിൻ്റെ ജാള്യത ബിജെപിക്കുണ്ട്. ആരോപണം ഉന്നയിച്ച ദല്ലാൾ നന്ദകുമാറിൻ്റെ വിശ്വാസ്യത, പൂർവാശ്രമത്തിലെ ഇടപാടുകൾ എന്നൊക്കെ പറയാമെങ്കിലും മറ്റൊരു അഴിമതിക്കാരനെക്കൂടി വാഷിംഗ് മെഷീനിലിട്ട് അലക്കി വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ബിജെപിക്ക് മേലുണ്ട്. അനിലിനെ സമ്പൂർണമായി പിന്തുണക്കാൻ ദേശീയ, സംസ്ഥാന ബിജെപി നേതൃത്വങ്ങൾ ഇനിയും മുന്നോട്ട് വന്നിട്ടില്ല. സ്ഥാനാർത്ഥിയാക്കിയ സ്ഥിതിക്ക് തൽക്കാലം ഒന്നും വിശദീകരിച്ച് കുഴപ്പിക്കേണ്ട എന്ന ധാരണയിലാണ് അവർ.
ആൻ്റണിയുടെ മകനായതു കൊണ്ട് കോൺഗ്രസുകാരും മിണ്ടാട്ടം മുട്ടി നിൽക്കുകയാണ്. ഹൈക്കോടതിയിലെ സിബിഐ കോൺസൽ നിയമനത്തിനായി ദല്ലാൾ നന്ദകുമാറിൽ നിന്ന് 25 ലക്ഷം വാങ്ങിയെന്ന ആരോപണം അനിൽ ഒഴുക്കൻ മട്ടിൽ നിഷേധിക്കുന്നുണ്ടെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പണം ഇടപാടിനെക്കുറിച്ച് സ്ഥിരീകരണം നൽകിയതോടെ സ്ഥിതി പരുങ്ങലിലായി. അനിൽ ആൻ്റണി പണം മടക്കി നൽകാനുണ്ടെന്ന് പറഞ്ഞ് ദല്ലാൾ നന്ദകുമാർ തന്നെ ഒരിക്കൽ കണ്ടിരുന്നതായി അക്കാലത്ത് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്ന പിജെ കുര്യൻ തുറന്നുപറഞ്ഞതോടെ നന്ദകുമാറിൻ്റെ ആരോപണത്തിന് ബലമേറി. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വലിയ അവകാശവാദങ്ങൾ പ്രധാനമന്ത്രി മോദി നിരത്തുന്നതിനിടയിലാണ് പാർട്ടി A ക്ലാസ് മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന പത്തനംതിട്ടയിമത്സരിക്കുന്ന സ്വന്തം സ്ഥാനാർത്ഥി തന്നെ ഇത് അഴിമതിക്കേസിൽ ആരോപണ വിധേയനാവുന്നത്.
അഴിമതിക്കുരുക്കിൽ പെട്ടുപോയ കോൺഗ്രസിനെയും ബിജെപിയേയും ഒരുപോലെ പ്രതിരോധത്തിലാക്കാൻ അവസരം കിട്ടിയിട്ടും മുതലെടുക്കാൻ ധൈര്യമില്ലാതെ ഇടതുമുന്നണി.’മക്കളുടെ കഥകൾ കൂടുതൽ എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട’ എന്ന എകെ ആൻ്റണിയുടെ മുന്നറിയിപ്പ് സിപിഎമ്മിനുള്ള താക്കീതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മകൾ അടക്കം ഇടത് പക്ഷത്തെ പല നേതാക്കളുടെ മക്കളും അഴിമതി ആരോപണങ്ങളുടെ ശരശയ്യയിലാണ്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ ഭാര്യയും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യയും റിസോർട്ട് ബിസിനസിൽ പങ്കാളികളാണെന്ന വാർത്തകൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ എകെ ആൻ്റണിക്കും മകനും നേരെ മിണ്ടാൻ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്.
അങ്ങനെ നോക്കുമ്പോൾ മൂന്ന് മുന്നണികളും ഈ വിഷയം അധികം വഷളാക്കാതെ ഒത്തുതീർപ്പിലെത്തിക്കാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here