ഇ പി ജയരാജന്റെ അസാന്നിധ്യം: വിവാദം സെമിനാറിന്റെ ശോഭ കെടുത്താനെന്ന് എ കെ ബാലന്‍
കോഴിക്കോട്: സിപിഐഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് എ കെ ബാലൻ. കേന്ദ്രക്കമ്മിറ്റിയംഗമായ താന്‍ സെമിനാറിന് പോകുന്നില്ല. നിലവിലെ വിവാദം സെമിനാറിന്റെ ശോഭ കെടുത്താനുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇ പി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിനില്ലാത്ത വേദന മറ്റാര്‍ക്കാണെന്നും ബാലന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇ പി ജയരാജൻ പാർട്ടിയോട് അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. മുന്‍നിശ്ചയിച്ച പരിപാടിക്കാണ് തിരുവനന്തപുരത്തേക്ക് അദ്ദേഹം എത്തിയത്. പാര്‍ട്ടിയുടെ എല്ലാ നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കാമെന്നും ആരാണ് പങ്കെടുക്കേണ്ടതെന്ന് സിപിഐഎമ്മിന് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തി എടുക്കാൻ സിപിഐഎം ശ്രമിച്ചിട്ടില്ല. ലീഗ് യുഡിഎഫ് വിടാൻ തീരുമാനിച്ചിട്ടില്ല. കൂട്ടാൻ ഞങ്ങളും തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു അജണ്ടയേ ഇല്ലെന്നും എ കെ ബാലൻ പറഞ്ഞു.
അതേസമയം, ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ ഇടതുമുന്നണി കൺവീനറെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്ടെ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്. ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഐഎം സംഘടിപ്പിക്കും. അവിടങ്ങളിൽ ഇ പി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here