എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല; സിപിഐക്ക് മറുപടിയുമായി എകെ ബാലന്‍

എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎമ്മിന്റെ മറുപടി. വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മും എന്ന് മുതിര്‍ന്ന നേതാവ് എകെ ബാലന്‍ പ്രതികരിച്ചു. എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിക്കില്ല. ആ സംഘടനയെ വേട്ടയാടുന്നത് പ്രതിരോധിക്കും. അത് മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ഇതുതന്നെയാണ് നിലപാടെന്നും ബാലന്‍ പറഞ്ഞു.

എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്. ആ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. തിരുത്തേണ്ടത് തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയുമെന്നും ബാലന്‍ പറഞ്ഞു. കെഎസ്‌യു ഒരു കാലത്ത് വലിയ സംഘടനയായിരുന്നു. വിമോചന സമരകാലത്ത് ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വരെ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. അതുകൊണ്ട് തന്നെ എസ്എഫ്‌ഐയോട് ശത്രുത തോന്നുമെന്നും ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസ് കേരള കൂടോത്ര പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും ബാലന്‍ പരിഹസിച്ചു.

പ്രതിപക്ഷത്തിന് പിന്നാലെയാണ് സിപിഐ രൂക്ഷമായി എസ്എഫ്‌ഐയെ വിമര്‍ശിച്ചത്. എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല. അതുകൊണ്ടാണ് പ്രാകൃതശൈലിയില്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരുത്തല്‍ അത്യാവശ്യമാണ്. തിരുത്തിയില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന വിമര്‍ശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top