സരിന്‍ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലന്‍; പാലക്കാട് കണ്ടത് വര്‍ഗീയതയുടെ വിജയം

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സിപിഎം പരാജയത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ.ബാലന്‍. പാലക്കാട് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്ന് ബാലന്‍ പറഞ്ഞു.

“പത്ത് വോട്ടിന് വേണ്ടി നിലപാട് പണയം വയ്ക്കാന്‍ സിപിഎമ്മിന് കഴിയില്ല. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇത് തോല്‍വിയായി സിപിഎം കണക്കുകൂട്ടിയിട്ടില്ല. മൂന്നാം സ്ഥാനത്താണ് എങ്കിലും 2011നുശേഷം ക്രമാനുഗതമായി പാലക്കാട്‌ സിപിഎം വോട്ട് വര്‍ധിപ്പിക്കുന്നുണ്ട്‌.”

“ബിജെപിയും സിപിഎമ്മും തമ്മില്‍ ഇപ്പോള്‍ പാലക്കാടുള്ള വോട്ടുവ്യത്യാസം രണ്ടായിരത്തോളം മാത്രമാണ്. സിപിഎം പിബി അംഗം വിജയരാഘവന്‍ അഞ്ച് മാസം മുന്‍പ് ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ടിനെക്കാളും 2400 വോട്ടുകള്‍ കൂടുതല്‍ പാലക്കാട് സരിന് ലഭിച്ചിട്ടുണ്ട്.”

“സരിന്‍ ഇഫക്റ്റ് ഉണ്ടായിട്ടില്ലെന്ന് പറയുന്നത് ഇത് പറയുന്നവര്‍ക്ക് സരിനെ അറിയാം എന്നതുകൊണ്ടാണ്. സരിനെ സിപിഎം പ്രോത്സാഹിപ്പിക്കും. കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കി സരിനെ മാറ്റും. പാലാക്കാട് തോല്‍വിയുടെ പേരില്‍ സരിനെ ആരും നിരാശപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ല.”

“പാലക്കാട് യുഡിഎഫ് നേടിയത് വര്‍ഗീയതയുടെ വിജയമാണ്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ്‌ ആര്‍എസ്എസ് -യുഡിഎഫ് പാലമാണ്. ആര്‍എസ്എസിന്റെ നേതാവ് അതില്‍ നിന്നും നിന്നും വിടപറയാതെയാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത്.”

“പാലക്കാട്‌ യുഡിഎഫ് വിജയിക്കുന്നതിന് മുന്‍പ് തന്നെ എസ്ഡിപിഐ വിജയാഹ്ലാദം നടത്തി. എസ്ഡിപിഐയും കോണ്‍ഗ്രസും ചേര്‍ന്നാണ് പാലക്കാട് വീടുകളില്‍ കയറിയിറങ്ങിയത്. യുഡിഎഫ് എവിടെയെത്തി എന്നതിന്റെ തെളിവാണിത്. വടകര മുതല്‍ തുടര്‍ന്നുവരുന്ന ബിജെപി-കോണ്‍ഗ്രസ് ഡീല്‍ പാലക്കാടും ആവര്‍ത്തിച്ചു.കെ.മുരളീധരനെ ലോകസഭയിലേക്കും നിയമസഭയിലേക്കും അയക്കരുതെന്ന കോണ്‍ഗ്രസ് തീരുമാനമാണ് പാലക്കാടും നടപ്പിലായത്.” – ബാലന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top