ആലത്തൂരിൽ എ.കെ.ബാലൻ ഇറങ്ങും; സിപിഎം സെക്രട്ടേറിയറ്റിലെ ധാരണ മാറും; ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ചുള്ള രാധാകൃഷ്ണൻ്റെ ബുദ്ധിമുട്ട് മുഖ്യമന്ത്രി പരിഗണിച്ചേക്കും

പാലക്കാട്: ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എകെ ബാലന്‍ മത്സരിക്കും. മത്സരത്തിനില്ലെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ നിലപാട് സിപിഎം സംസ്ഥാന നേതൃത്വം അംഗീകരിക്കും. ആരോഗ്യ കാരണങ്ങളാല്‍ മത്സരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. കടുത്ത പ്രമേഹ രോഗമുള്ള രാധാകൃഷണന്റെ ആവശ്യം പിണറായി അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ബാലന്‍ ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. സിപിഎം പാലക്കാട് – തൃശൂര്‍ ജില്ലാ നേതൃത്വങ്ങളും ബാലന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുകൂല നിലപാടിലാണ്. ആലത്തൂരിനെ തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന സഖാവിന് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മന്ത്രി കെ.രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് താത്പര്യമില്ല എന്നതാണ് ബാലന് അനുകൂലമാകുന്നത്. യുഡിഎഫ് സ്ഥാനാത്ഥി സിറ്റിംഗ് എംപി കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് തന്നെയാകും. കഴിഞ്ഞ തവണ രമ്യ അട്ടിമറി വിജയം നേടുകയായിരുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണി ശ്രമം. സിപിഎമ്മിന്റെ ശക്തികേന്ദ്രം കഴിഞ്ഞ തവണ കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ അതിശക്തനെ നിർത്താനാണ് നീക്കം.

ആലത്തൂരിന് ഏറ്റവും പറ്റിയ സ്ഥാാര്‍ത്ഥി രാധാകൃഷ്ണനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇത് സിപിഎം സംസ്ഥാന നേതൃത്വത്തിലെ എല്ലാവരും അംഗീകരിച്ചു. മത്സരിക്കാനില്ലെന്ന് രാധാകൃഷ്ണന്‍ സിപിഎം നേതൃയോഗത്തില്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് മന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ബാലനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നത്. സിപിഎമ്മിലെ തലമുതിര്‍ന്ന നേതാവിന് അനായാസ വിജയം നേടാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

സിപിഎമ്മിലെ പി.കെ.ബിജു രണ്ട് തവണ വിജയിച്ച മണ്ഡലമാണ് ആലത്തൂർ. പാര്‍ട്ടിയിലെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കഴിഞ്ഞ തവണയും മത്സരിപ്പിച്ചത്. ഇത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ആലത്തൂരിനെ നന്നായി അറിയാവുന്ന ബാലനിലേക്ക് ചര്‍ച്ച എത്തുന്നത്. കഴിഞ്ഞ തവണ 1.58 ലക്ഷത്തിലേറെ വോട്ടിനായിരുന്നു രമ്യയുടെ വിജയം. രമ്യ 533,815 വോട്ട് നേടിയപ്പോള്‍ പികെ ബിജു വെറും 3,74,847 വോട്ട് മാത്രം നേടി തീര്‍ത്തും നിരാശപ്പെടുത്തി. 2021ലെ നിയമസഭാഫലം നോക്കിയാല്‍ തീര്‍ത്തും ഇടതു സ്വഭാവമുള്ള മണ്ഡലം. തരൂരിലെ മുന്‍ എംഎല്‍എ കൂടിയാണ് മുന്‍ മന്ത്രി ബാലന്‍.

2019ല്‍ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗത്തില്‍ ആലത്തൂരും ഇടതിനെ കൈവിടുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പോലും ആലത്തൂരില്‍ വിജയം ഉറപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താരതമ്യേന പുതുമുഖമായ രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയായി. പിന്നീടുണ്ടായത് കേരളത്തില്‍ കണ്ട ഏറ്റവും വലിയ അട്ടിമറിയും. മണ്ഡലം രൂപീകൃതമായ 2009 ലും 2014 ലും ആലത്തൂരില്‍ നിന്നുമുള്ള എംപിയായിരുന്നു പികെ ബിജു. 2019 ലേക്ക് വരുമ്പോള്‍ പികെ ബിജുവിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയായിരുന്നു സിപിഎം പ്രതീക്ഷ.

നിയമസഭ തിരഞ്ഞെടുപ്പിലെ പ്രകടനവും സി പി എമ്മിന് ആത്മവിശ്വാസം നല്‍ കുന്നുണ്ട്. പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലം. ഇതില്‍ ഒരു സീറ്റില്‍ പോലും 2021 ല്‍ യു ഡി എഫിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top