‘നീ പാട്ട് വെക്ക്, അയാൾ പാടട്ടെ’; മന്ത്രിയുടെ തൊലിയുരിച്ച് നാട്ടുകാർ; കാറിന് പുറത്തേക്ക് ഇറങ്ങാന്‍പോലും കഴിയാതെ ശശീന്ദ്രന്‍

വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടിൽ എത്തിയ വനം മന്ത്രി എകെ ശശീന്ദ്രനെതിരെ വൻ ജനരോഷം. പ്രതിഷേധങ്ങള്‍ക്കിടയില്‍ അദ്ദേഹം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടുകാരുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനിടയിൽ വഴിയിലുടനീളം മന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തടിച്ചുകൂടി.

വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. മന്ത്രി നേരത്തേ നടത്തിയ പ്രസ്താവനകള്‍ മന്ത്രി പിന്‍വലിക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാട്ടില്‍ വച്ച് രാധ ആക്രമിക്കപ്പെട്ടു, നാട്ടുകാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനകൾ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി വീശൽ പ്രതിഷേധവും നടന്നു.

Also read: ‘എന്ത് വില കൊടുത്തും കടുവയെ വെടിവച്ച് കൊല്ലുക; ഇതെൻ്റെ ഉത്തരവാണ്’; ആദ്യാവസാനം ശക്തമായ നിലപാട് മുഖ്യമന്ത്രിയുടേത്

‘നീ പാട്ട് വെക്ക്, പാട്ട് വെക്കെടാ, ആ മൈക്ക് കൊടുക്ക് അയാള്‍ പാടട്ടെ’ എന്നുമെല്ലാം വിളിച്ചു പറഞ്ഞായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഫാഷന്‍ ഷോയില്‍ മന്ത്രി പാട്ട് പാടിയിരുന്നു. വന്യജീവി ആക്രമത്തിൽ ഒരു സ്ത്രീകൊല്ലപ്പെട്ട സാഹചര്യത്തിൽ മന്ത്രിയുടെ പാട്ട് വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. ഇതിനെ പരിഹസിച്ചായിരുന്നു പ്രതിഷേധക്കാരുടെ കമൻ്റുകൾ.

വൻജനരോഷത്തിനിടയിലും രാധയുടെ വീട്ടിലെത്തി മകന്‍ അനിലിന് താത്കാലിക നിയമന ഉത്തരവ് കൈമാറിയാണ് മന്ത്രി മടങ്ങിയത്. ഗസ്റ്റ്ഹൗസില്‍ മന്ത്രി നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിയോട് സംസാരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചർച്ച.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top