‘പാലക്കാട് സതീശ തന്ത്രം പാളും’; തൻ്റെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് അനുകൂലമല്ലെന്ന് ഷാനിബ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജന സെക്രട്ടറി എകെ ഷാനിബ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും അദ്ദേഹം വാർത്താ സമ്മേളത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാവാൻ എല്ലാവരെയും ചവിട്ടിമെതിച്ച് പ്രതിപക്ഷ നേതാവ് മുന്നോട്ട് പോകുകയാണ്. അദ്ദേഹത്തിന് ധാർഷ്ട്യമാണ്. പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാവാത്ത ആളാണ് അദ്ദേഹം. പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും ഷാനിബ് പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സതീശ തന്ത്രങ്ങൾ പാളും. വിഡി സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തൻ്റെ മത്സരം. സതീശൻ ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മറ്റന്നാൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് അറിയിച്ചു. തൻ്റെ സ്ഥാനാർത്ഥിത്വം ഒരിക്കലും ബിജെപിക്ക് അനുകൂലമാകില്ല. കോൺഗ്രസ് നേതൃത്വത്തിൻ്റെ ധാർഷ്ട്യത്തിനെതിരെയുള്ള താക്കീതാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർത്ഥിയായ പി സരിന് വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു ഷാനിബ് ആദ്യം അറിയിച്ചിരുന്നത്.

കോൺ​ഗ്രസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളായിരുന്നു പാർട്ടി വിടും മുമ്പ് എകെ ഷാനിബ് ഉന്നയിച്ചിരുന്നത്. പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ട്. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നുമുള്ള രൂക്ഷ വിമർശനമായിരുന്നു ഷാനിബ് നടത്തിയത്. കെപിസിസി ഡിജിറ്റൽ സെൽ കൺവീനറായ പി സരിൻ ഇടതു പാളയത്തിലെത്തി സ്ഥാനാർത്ഥി ആയതിന് പിന്നാലെയായിരുന്നു ഷാനിബും പാർട്ടി വിട്ടത്. ഇത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാ ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top