മതകോടതിക്ക് മുട്ടുമടക്കിയവരിൽ രാഷ്ട്രപതി മുതൽ ആഭ്യന്തരമന്ത്രി വരെ; ചാട്ടവാറടി, കക്കൂസ് കഴുകല്‍; ഭിക്ഷയെടുക്കൽ… ശിക്ഷകൾ ഇങ്ങനെ
സിഖ് സമുദായത്തിൻ്റെ മതകോടതിയായ അകാൽ തഖ്ത് വിധിച്ച ‘തൻഖാ’ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുകയാണ് പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദൽ. ടോയ്ലറ്റ് ക്ലീൻ ചെയ്യലും അടുക്കള വൃത്തിയാക്കലുമാണ് ബാദലിനും അകാലി ദൾ നേതാക്കൾക്കും വിധിച്ചത്. സിഖ് മത കോടതി ശിക്ഷിച്ച ഉന്നത പദവി വഹിച്ച ആദ്യത്തെ രാഷ്ട്രീയ നേതാവല്ല സുഖ്ബീർ ബാദൽ. മുൻ രാഷ്ട്രപതിയും, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുംവരെ അകാൽ തഖ്തിൻ്റെ വിചാരണ നേരിട്ടുണ്ട്. 1984ൽ സുവർണക്ഷേത്രത്തിൽ അഭയം തേടിയ തീവ്രവാദികളെ തുരത്താൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലെ പങ്കിന് അന്നത്തെ ഇന്ത്യൻ പ്രസിഡൻ്റ് ഗ്യാനി സെയിൽ സിംഗിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗിനെയും മത കോടതി തൻഖാ ശിക്ഷക്ക് വിധിച്ചിരുന്നു.
രാഷ്ട്രപതിയായിരുന്ന സെയിൽ സിംഗിന് രേഖാമൂലമുള്ള ക്ഷമാപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അകാൽ തഖ്ത് മാപ്പുനൽകിയത്. സീഖ് മതത്തിൽ നിന്നും പുറത്താക്കപ്പെട്ട ബൂട്ടാ സിംഗ് പത്ത് വർഷത്തിന് ശേഷം മത കോടതിയിൽ നേരിട്ട് മാപ്പ് പറയുകയായിരുന്നു. തുടർന്ന് സിഖ് വിശ്വാസികളുടെ ഷൂ പോളിഷ് ചെയ്യണമെന്നുള്ള ശിക്ഷ നൽകുകയായിരുന്നു. ഒപ്പം നിലം തുടയ്ക്കും പാത്രം കഴുകൽ ശിക്ഷയും വിധിച്ചിരുന്നു. 1994 ഫെബ്രുവരി 20 ന് അദ്ദേഹം ശിക്ഷയേറ്റുവാങ്ങി. ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ ബൂട്ടാ സിംഗ് ഷൂസ് വൃത്തിയാക്കുന്നതിൻ്റെ ചിത്രങ്ങൾ അക്കാലത്ത് വലിയ ചർച്ചയായിരുന്നു.
ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിൻ്റെ ഭാഗമായി 1986 ഏപ്രിലിൽ സുവർണ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സുരക്ഷാ സേനക്ക് അനുവാദം നൽകിയതിന് പഞ്ചാബിലെ അന്നത്തെ അകാലി ദൾ മുഖ്യമന്ത്രി സുർജിത് സിംഗ് ബർണാലയെ അകാൽ തഖ്ത് സമുദായത്തിൽ നിന്നും പുറത്താക്കിയിരുന്നു. തീവ്രവാദികളെ തുരത്താനുള്ള ഓപ്പറേഷന് ബർണാല ഉത്തരവിട്ടിരുന്നതാണ് കാരണം. വിശ്വാസികളുടെ ഷൂ വൃത്തിയാക്കാനും ഭിക്ഷയെടുക്കാനുമാണ് ബർണാലയോട് ആവശ്യപ്പെട്ടത്. അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം ഉത്തരവ് അനുസരിച്ചു. 21 ദിവസമായിരുന്നു അദ്ദേഹം ഷൂ പോളിഷിംഗ് ജോലി ചെയ്തത്.
2007 മുതൽ 2017 വരെ പഞ്ചാബിലെ അകാലിദൾ സർക്കാർ സിഖ് സമുദായത്തോട് ചെയ്തിട്ടുള തെറ്റുകൾക്കുള്ള ശിക്ഷയാണ് സുഖ്ബീർ സിംഗ് ബാദലിനും മറ്റ് നേതാക്കൾക്കും നൽകിയിരിക്കുന്നത്. രണ്ടുദിവസം കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിച്ച്, കൈയില്‍ കുന്തം പിടിച്ച് ഗുരുദ്വാരക്ക് കാവല്‍ നില്‍ക്കണമെന്നതും ശിക്ഷാ നടപടികളില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിൽ കഴുത്തിൽ ഫലകവും കൈയിൽ കുന്തവുമായി ഗേറ്റിന് സമീപം വീൽചെയറിൽ ഇരുന്ന് ശിക്ഷ ബാദലും നേതാക്കളും ഏറ്റെടുത്തു. ആദ്യ സിഖ് ചക്രവർത്തി മഹാരാജ രഞ്ജിത് സിംഗ്, അകാലി ദൾ പ്രസിഡൻ്റ് ജഗ്ദേവ് സിംഗ് തൽവണ്ടി, അകാൽ തഖ്തിൻ്റെ മുൻ തലവൻ ദർശൻ സിംഗ് എന്നിവർക്കാണ് ഇതിന് മുമ്പ് ശിക്ഷ ലഭിച്ച മറ്റ് ചില പ്രമുഖ വ്യക്തികൾ.
സുവർണക്ഷേത്രത്തിന് സമീപമായ് കാലാതീതമായ ദൈവത്തിന്റെ സിംഹാസനം എന്നറിയപ്പെടുന്ന അകാല്‍ തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം അവിടെയുള്ള പുരോഹിതരാണ് എടുക്കുക. തൻഖാ ശിക്ഷ ലഭിക്കുന്നവരെ ചെരുപ്പ് വൃത്തിയാക്കുക, നിലം തുടയ്ക്കുക, ഭിക്ഷയെടുക്കുക, പാത്രങ്ങൾ കഴുകൽ, ശുചി മുറികൾ വൃത്തിയാക്കുക, ഗുരുദ്വാരകളുടെ പരിസരം വൃത്തിയാക്കുക, അടുക്കള ജോലികൾ ചെയ്യുക എന്നിവ പോലുള്ള ശിക്ഷകളാണ് നൽകുന്നത്. താൻ പാപിയാണെന്ന് പ്രഖ്യാപിക്കുന്ന ഫലകം കഴുത്തിൽ തൂക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. പരസ്യമായിട്ടുള്ള ചാട്ടവാറടിയും നെറ്റിയിൽ ചാപ്പകുത്തൽ അടക്കമുള്ള ശിക്ഷകളും ആദ്യകാലങ്ങളിൽ നൽകിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here