തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസില്‍ ഹാജരാക്കി; എക്‌സട്രാ ഫിറ്റിങ്ങുകള്‍ കാണാനില്ല; ജീപ്പെത്തിച്ചത് ക്രിമിനല്‍ കേസിലെ പ്രതി
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമവിരുദ്ധമായി യാത്ര നടത്തിയ ജീപ്പ് പോലീസിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ ആകാശ് തില്ലങ്കേരി പങ്കുവച്ച വീഡിയോയില്‍ ഉണ്ടായിരുന്ന എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍ അഴിച്ചുമാറ്റിയാണ് വാഹനം എത്തിച്ചിരിക്കുന്നത്. നാല് വലിയ ടയറുകളും മാറ്റിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചിട്ടുമുണ്ട്. യാത്ര ചെയ്യുന്ന ദൃശ്യങ്ങളില്‍ ആകാശിനൊപ്പമുണ്ടായിരുന്ന ഷൈജലാണ് വാഹനം ഇന്ന് പനമരം പൊലീസ് സ്റ്റേഷനില്‍ വാഹനം എത്തിച്ചത്. ഷൈജലും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വാഹനം ആര്‍ടിഒയ്ക്കു കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
സോഷ്യല്‍മീഡിയയില്‍ ആകാശ് തില്ലങ്കേരി തന്നെയാണ് വയനാട് പനമരത്തെ ജീപ്പ് യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. നമ്പര്‍ പ്ലേറ്റ്, റൂഫ് എന്നിവയില്ലാതെയായിരുന്നു യാത്ര. ദൃശ്യങ്ങള്‍ വൈറലായതോടെ മോട്ടര്‍വാഹന വകുപ്പ് ഉടമയ്‌ക്കെതിരെ പിഴ ചുമത്തുകയും വാഹനം കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. പിന്നാലെ വാഹന ഉടമ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ ആര്‍ടിഒ കേസെടുത്തിരുന്നു. ഒന്‍പതു കുറ്റങ്ങള്‍ ചുമത്തി 45,500 രൂപയുടെ പിഴയാണ് ചുമത്തിയത്. ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ ആകാശിന് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ആകാശിനെതിരെ നിലവില്‍ കേസെടുത്തിട്ടില്ല. ലൈസന്‍സിന്റെ കാര്യത്തില്‍ വിശദ അന്വേണത്തിന് ശേഷം തുടര്‍ നടപടിയെന്നാണ് പോലീസ് പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here