എക്സാലോജിക്കിൻ്റെ എകെജി സെൻ്റർ വിലാസം സിപിഎമ്മിന് കുരുക്കാകും; ഓഫീസുകൾ പൂട്ടിയതിനാൽ വീണക്കെതിരായ കേന്ദ്ര അന്വേഷണം പാർട്ടി ആസ്ഥാനത്ത് എത്തിയേക്കാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയന്‍ തൻ്റെ കമ്പനിയായ എക്‌സാലോജിക്ക് ബെംഗളൂരുവില്‍ റജിസ്റ്റര്‍ ചെയ്തത് എകെജി സെൻ്ററിൻ്റെ അഡ്രസ് ഉപയോഗിച്ചെന്നത് സിപിഎമ്മിനും കുരുക്കാകും. മാസപ്പടി വിവാദത്തിന് പിന്നാലെ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വിലാസം സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററില്‍ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ ഈ കേസില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ ഏജന്‍സിയുടെ അന്വേഷണം എത്തുമ്പോള്‍ ഇനിയത് സിപിഎം ആസ്ഥാനത്തേക്ക് കൂടി എത്തുമെന്നതാണ് സ്ഥിതി.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷന് ഓഹരിപങ്കാളിത്തമുള്ള സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ അതീവ നിര്‍ണായക നീക്കമാണ് നടത്തുന്നത്. ഗുരുതര തട്ടിപ്പുകള്‍ കൈകാര്യംചെയ്യുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണ പരിധിയിലേക്കാണ് സിപിഎം ആസ്ഥാനവും എത്തുന്നത്. വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിവിവാദം കത്തിനിൽക്കേ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അറസ്റ്റിന് വരെ അധികാരമുണ്ട് അന്വേഷണ സംഘത്തിന്.
വീണ 2014ല്‍ ആണ് കമ്പനി ആരംഭിക്കുന്നത്. അക്കാലത്ത് പിണറായി വിജയനും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാര്‍ട്ടിയുടെ ഫ്ലാറ്റിലായിരുന്നു. ഈ ഫ്ലാറ്റിന്റെ വിലാസം ഉപയോഗിക്കാതെ, പാര്‍ട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ ഉപയോഗിച്ചത്. അതേസമയം, നോമിനിയായി ഉള്‍പ്പെടുത്തിയ അമ്മ കമലയുടെ വിലാസം കണ്ണൂരിലേതായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തില്‍ കൂടുതല്‍ കരാറുകള്‍ നേടുന്നത്. ഈ കമ്പനി നിലവില്‍ അടച്ചു പൂട്ടി. ബെംഗളൂരുവിലെ ഓഫീസുകളുടെ പ്രവർത്തനവും നിലച്ചു. അതുകൊണ്ട് തന്നെ വീണയ്‌ക്കെതിരായ അന്വേഷണം ബന്ധപ്പെട്ട വിലാസത്തിലേക്ക് നീളും. ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയാൽ പോലും അത് എകെജി സെന്ററിലേക്ക് എത്താം എന്നതാണ് സാഹചര്യം. വീണയുമായി ബന്ധപ്പെട്ട ഏത് ആരോപണത്തെയും പ്രതിരോധിക്കുന്ന പാർട്ടി ഇത് മുൻകൂട്ടി കാണുന്നുണ്ടോയെന്ന് വ്യക്തമല്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പടിക്കലെത്തിനിൽക്കുന്ന സാഹചര്യത്തിൽ.
മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയില്‍ മാത്രമായിരുന്നു എക്‌സാലോജിക്കിലെ ഡയറക്ടര്‍. ഐടി കമ്പനിയുടെ രജിസ്ട്രേഷന് രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയില്‍, ഡോട്ടർ ഓഫ് പിണറായി വിജയൻ, എകെജി സെൻ്റർ, പാളയം, തിരുവനന്തപുരം എന്നാണ്. സിപിഎം ബന്ധങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിലാസം ഉപയോഗിച്ചത് എന്നതാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആരും ഇങ്ങനെ പാര്‍ട്ടി ആസ്ഥാനത്തിന്റെ അഡ്രസില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതാകില്ല.
ആരംഭംകുറിച്ച 2014ലെ വൻനഷ്ടത്തില്‍ നിന്ന്, പിണറായി വിജയന്‍ മുഖ്യമന്ത്രിയായ 2016 മുതലാണ് എക്സലോജിക് കമ്പനി കരകയറിയത്. ഒട്ടും വൈകാതെ ഇത് അസാധാരണ ലാഭത്തിലേക്ക് കുതിക്കുകയും ചെയ്തു. ബെംഗളൂരു ആണ് ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരില്‍ മലയാളികള്‍ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ എന്ന പ്രിവിലേജും, ഒപ്പം പാര്‍ട്ടി ആസ്ഥാനത്തിൻ്റെ വിലാസവും സ്വന്തം ലാഭത്തിനായി ഉപയോഗിക്കുകയെന്ന കച്ചവടക്കണ്ണ് കമ്പനി നടത്തിപ്പിൽ ഉണ്ടായിയെന്ന ആക്ഷേപം ഉയരുന്നത്. സ്വന്തം നിലയ്ക്കല്ല വീണാ വിജയന്‍ മാസപ്പടി വാങ്ങിയതെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് അന്വേഷണം എകെജി സെൻ്ററിൽ എത്തിയാല്‍ അത് പുതിയ വഴിത്തിരിവാകും. കേന്ദ്ര കമ്പനികാര്യ വകുപ്പ് എല്ലാ സാധ്യതകളും പരിശോധിച്ചാകും എകെജി സെന്ററിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതില്‍ അന്തിമതീരുമാനം എടുക്കുക.
എന്നിരുന്നാലും രാഷ്ട്രീയ അഴിമതി ആരോപണമായി തന്നെ മാസപ്പടി ഉയർന്നുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ ഡയറക്ടറും ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് എകെജി സെന്റര്‍ വിലാസം. പാർട്ടി സെക്രട്ടറി കുടുംബസമേതം താമസിക്കുന്ന ഫ്ളാറ്റ് നഗരമധ്യത്തിൽ തന്നെയായിരിക്കെ, ആ വിലാസം നൽകാതെ തൊട്ടടുത്ത് തന്നെയുള്ള പാർട്ടി ആസ്ഥാനത്തിന്റെ വിലാസം ഔദ്യോഗിക രേഖകളിൽ ചേർത്തത് അതീവ ദുരൂഹമായി തന്നെ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here