ദുരിതാശ്വാസനിധിക്കെതിരെ പോസ്റ്റിട്ട അഖിൽ മാരാർക്കെതിരെ കേസ്; മഹാരാജാവ് നീണാൾ വാഴട്ടെയെന്ന് പ്രതികരണം

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസ്. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകില്ലെന്നായിരുന്നു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞത്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.
ദുരിതാശ്വാസനിധിയിലേക്ക് പണം നൽകില്ലെന്നും ദുരന്തബാധിതർക്കായി അഞ്ചുസെന്റ് സ്ഥലത്തിൽ മൂന്ന് വീടുകൾ നിർമിച്ച് നൽകുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടെയെന്ന കുറിപ്പും ഫേസ്ബുക്കിൽ അഖിൽ പങ്കുവച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിക്കാണ്. അതിനാൽ തന്റെ പാർട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നത്. അവർക്ക് മാത്രം മുഖ്യമന്ത്രി ദൈവം. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല. ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here