ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിയമനത്തിന് കോഴ വാങ്ങിയതാര്? സിസിടിവി ദൃശ്യങ്ങള്‍ ആ സത്യം വെളിപ്പെടുത്തുമോ?

തിരുവനന്തപുരം: നിയമനത്തിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന് കോഴ നല്‍കിയെന്ന വാദത്തില്‍ പരാതിക്കാരനായ ഹരിദാസന്‍ ഉറച്ച് നില്‍ക്കുമ്പോള്‍ വിശദമായ അന്വേഷണത്തിന് പോലീസ്. അഖില്‍ മാത്യുവിന് കോഴ നല്‍കി എന്ന് ഹരിദാസന്‍ പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലാണെന്നുള്ള ടവര്‍ ലൊക്കേഷന്‍ പോലീസിനു ലഭിച്ചു. അതുകൊണ്ട് തന്നെ നിയമനക്കോഴയില്‍ ആള്‍മാറാട്ടം നടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

സംശയ നിവാരണത്തിന് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനു പൊലീസ് കത്ത് നൽകിയിട്ടുണ്ട്. ഏപ്രിൽ 9,10,11 തീയതികളിലെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങളില്‍ നിന്നും ആരാണ് ഹരിദാസനില്‍ നിന്നും കൈക്കൂലി വാങ്ങിയത് എന്ന് കണ്ടെത്താന്‍ കഴിയും എന്ന നിഗമനത്തിലാണ് പോലീസ്.

അഖിൽ സജീവാണ് അഖിൽ മാത്യുവിന്റെ ഫോട്ടോ കാണിച്ചു തന്നത്. ഒരു തവണയാണ് കാണിച്ചു തന്നതെന്നും അത് മാസങ്ങൾക്ക് മുമ്പായിരുന്നുവെന്നും ഹരിദാസൻ പറഞ്ഞത്. അഖിൽ മാത്യു ആണെന്ന് പറഞ്ഞാണ് പണം കൈമാറിയത്. പൊലീസ് ഫോട്ടോകൾ കാണിച്ച് തന്ന് ചോദിച്ചറിഞ്ഞുവെന്നും അവ വ്യത്യാസമുണ്ടെന്നും ഹരിദാസൻ പറയുന്നു.

ഹരിദാസ് അഖില്‍ മാത്യുവിന് പണം നല്‍കി എന്ന് പറയുന്ന ദിവസം അഖില്‍ പത്തനംതിട്ടയിലെ കല്ല്യാണത്തിലായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പരിപാടികളിൽ പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹരിദാസന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട്-ഫോൺ വിളിരേഖകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായതിനു ശേഷം വീണ്ടും കാണാമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം. ഹരിദാസൻ ഓഫീസിൽ എത്തി പേഴ്സണൽ സെക്രട്ടറിയെ വാക്കാൽ പരാതി അറിയിച്ചിരുന്നു. പരാതി എഴുതി നൽകാൻ നിർദ്ദേശിച്ചു. താൻ പറഞ്ഞതിൽ കൂടുതലൊന്നും ഹരിദാസൻ പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top