അഖില്‍ സജീവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലി; പണം എവിടെപ്പോയെന്ന അന്വേഷണത്തില്‍ പോലീസ്

പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസിലെ പ്രതിയായ അഖില്‍ സജീവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് പോലീസ്. ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പത്തനംതിട്ട ശാഖയിലാണ് അഖില്‍ സജീവിന് അക്കൗണ്ടുകളുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ എല്ലാം കാലിയാണ്. ഇയാളുടെ അക്കൗണ്ടിലെത്തിയ പണം എവിടെപ്പോയെന്ന് അന്വേഷിക്കും.

നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു തവണകളിലായി മൊത്തം 75000 രൂപയാണ് അഖില്‍ സജീവിന്‍റെ കൈവശം വന്നത്. ഈ പണം മറ്റു രണ്ട് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. അതേസമയം, നിയമനക്കോഴയുമായി തനിക്ക് ഒരു ബന്ധമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഒരു പരിച്ചയമില്ലെന്നും അഖില്‍ സജീവ്‌ പോലീസിനോട് പറഞ്ഞു. ബാസിത്, റഹീസ് എന്നിവരാണ്‌ പണം തട്ടിയതെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ല.

ഏതാനും മാസങ്ങളായി ചെന്നൈയിലായിരുന്നു അഖില്‍ സജീവ്. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പത്തനംതിട്ട പോലീസ് പിന്തുടരുന്നെന്ന രഹസ്യവിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് തേനിയിലേക്ക് ഒളിവില്‍ പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനാണ് പിടികൂടിയത്. അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top