അലൻ വാക്കർ പരിപാടിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ പോലീസ്; സിസിടിവിയേയും വെട്ടിച്ച് അടിച്ചുമാറ്റിയത് 35ലേറെ ഫോണുകൾ
കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ലോകപ്രശ്സ്ത നോർവീജിയൻ ഡിജെ അലൻ വാക്കറുടെ സംഗീതപരിപാടിയിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി. മുളവുകാട് പോലീസിലാണ് പരാതി ലഭിച്ചത്. 35 പേരാണ് ഇതുവരെ പരാതി നൽകിയിരിക്കുന്നത്. പരാതി നൽകാത്തവരും നിരവധിയുണ്ട്.
വൻ സുരക്ഷാ സംവിധാനങ്ങൾൾ ഒരുക്കിയ പരിപാടിയിൽ ഇത്ര വലിയ മോഷണം എങ്ങനെ സംഭിച്ചെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്.
പരിപാടി നടക്കുന്നയിടത്ത് സിസിടിവി നിരീക്ഷണവും വൻ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. ഇതുകൂടാതെ സംഘാടകരുടെ നേതൃത്വത്തിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇവയെല്ലാം മറികടന്ന് ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയധികം ഫോണുകൾ കവർന്നതെന്നാന്ന് പോലീസ് വിലയിരുത്തൽ. പരിപാടിക്കിടയിൽ ബോധപൂർവമായ തിരക്ക് സൃഷ്ടിച്ചായിരുന്നു മോഷണമെന്നാണ് പ്രാഥമിക നിഗമനം.
ആറായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.പരിപാടി സ്ഥലത്തും പുറത്തും വലിയ സുരക്ഷാ സംവിധാനവും ഗതാഗത നിയന്ത്രണവും പോലീസ് ഒരുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
പരിപാടിക്കിടെ കഞ്ചാവുമായി നാലുപേരും അറസ്റ്റിലായി. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജു, ആൻറണി പോൾ എന്നിവരാണ് പിടിയിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ടാണ് ഇ സോൺ എന്റർടെയ്ൻമെന്റ്സിന്റെ സംഘാടനത്തിൽ സൺബേൺ അറീന ഫീറ്റ് അലൻ വാക്കർ എന്ന സംഗീതനിശ നടന്നത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here