മുഖ്യമന്ത്രി കണ്ടില്ലെങ്കിലും കോടതി കണ്ടു; പ്രതിഷേധക്കാരെ തല്ലിയ ഗണ്‍മാനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
ആലപ്പുഴ : നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കെഎസ്‌യു പ്രവര്‍ത്തകനായ അജയ് ജുവല്‍ കുര്യാക്കോസ് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നിര്‍ദേശം. ആലപ്പുഴ സൗത്ത് പോലീസിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ ബസിനു പിന്നാലെയെത്തിയ അനില്‍കുമാറും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇത് വകവയ്ക്കാതെയായിരുന്നു അനില്‍കുമാറിന്റേയും സംഘത്തിന്റേയും മര്‍ദ്ദനം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മര്‍ദ്ദനത്തിനിരയാവര്‍ ആലപ്പുഴ സൗത്ത് പോലീസിലും എസ്പിക്കും പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അനില്‍കുമാറും സംഘവും മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. തുടര്‍ന്നുളള ദിവസങ്ങളില്‍ ദൃശ്യങ്ങളടക്കം പ്രചരിച്ചെങ്കിലും ഈ സംഭവം കണ്ടില്ലെന്ന നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here