രാജസ്ഥാന്‍ യാത്രക്ക് പാര്‍ട്ടി അനുമതിയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വിഭാഗീയതയില്‍ സിപിഎം ഇടപെടുന്നു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ രാജസ്ഥാൻ യാത്ര അനധികൃതമെന്ന വിവാദങ്ങൾക്ക് പ്രതിരോധം തീർത്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ രംഗത്ത്. പാര്‍ട്ടിയെ അറിയിച്ചാണ് അവരുടെ യാത്രയെന്ന് നാസര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“പാര്‍ട്ടിയോട് ആലോചിക്കാതെയാണ് യാത്ര എന്ന വാര്‍ത്തകള്‍ ശരിയല്ല. തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂരിലെ ‘കില’യുടെ നേതൃത്വത്തിലാണ് യാത്ര.”

“പാര്‍ട്ടിയുമായി മാത്രമല്ല എല്‍ഡിഎഫില്‍ കൂടി ചര്‍ച്ച ചെയ്താണ് അംഗങ്ങള്‍ യാത്ര പോയത്. പണം മുടക്കുന്നത് ജില്ലാ പഞ്ചായത്തല്ല, കിലയാണ്. ജില്ലാ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് അതൃപ്തിയില്ല. പാര്‍ട്ടിക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് പറയേണ്ടത് ഞാനാണ്. എനിക്കില്ലാത്ത പ്രതിഷേധം മറ്റുള്ളവര്‍ പ്രകടിപ്പിക്കേണ്ട.” നാസര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തിനെക്കുറിച്ച് പാര്‍ട്ടിയില്‍ മുറുമുറുപ്പ്

പാര്‍ട്ടിയെ അറിയിക്കാതെയാണ് യാത്ര നടത്തിയതെന്ന് സിപിഎമ്മിനുള്ളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും മുറുമുറുപ്പ് ഉയരുന്നുണ്ട്. ഇതിന് മുന്‍പ് കാശ്മീരിലേക്കും ജില്ലാ പഞ്ചായത്തംഗങ്ങള്‍ യാത്ര നടത്തിയിരുന്നു. അന്ന് ഉയര്‍ന്ന അതേ പ്രതിഷേധമാണ് ഈ യാത്രയെക്കുറിച്ചും പാര്‍ട്ടിയില്‍ ഉയരുന്നത്.

പദ്ധതി നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ചും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്ക് വലിയ രീതിയില്‍ സബ്സിഡി അനുവദിച്ചതിനെക്കുറിച്ചുമെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. സബ്സിഡി ലഭിച്ചവര്‍ യഥാര്‍ഥ ഗുണഭോക്താക്കൾ ആയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം ജില്ലാ പഞ്ചായത്ത് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ആയുധമാക്കുന്നുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് പാര്‍ട്ടി ഇടപെടല്‍.

ആദ്യം പ്രതിക്കൂട്ടിലാക്കിയത് ബിപിന്‍ സി.ബാബു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി.ബാബുവിൻ്റെ പേരിലാണ് സിപിഎം ആദ്യം പ്രതിക്കൂട്ടിലായത്. വൈസ് പ്രസിഡന്റായിരുന്ന ബിപിനെതിരെ ഭാര്യയാണ് പരാതിയുമായി രംഗത്തിറങ്ങിയത്. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്.

പാര്‍ട്ടിക്ക് പരാതി നല്‍കിയതോടെ ആറുമാസത്തേക്ക് ബിപിനെ സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മേയ് മാസമാണ് സസ്പെന്‍ഷന്‍ വന്നത്. ഇതിനിടയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് വെച്ചുമാറി. സിപിഐയുടെ എന്‍.എസ്.ശിവപ്രസാദാണ് നിലവില്‍ വൈസ് പ്രസിഡന്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top