കേരളത്തില്‍ കടലാക്രമണം രൂക്ഷം; വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു; കുടിയൊഴിപ്പിക്കലും തുടരുന്നു; ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിലേക്ക് കടല്‍ കടന്നുകയറുന്നു. കടല്‍ഭിത്തിയും പുലിമുട്ടും കടന്നാണ് തിരകള്‍ വീശിയടിക്കുന്നത്. കടലോര മേഖലകളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായത്.

കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്നു രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

തിരുവനന്തപുരം ജില്ലയില്‍ പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയാണ് കടലാക്രമണം രൂക്ഷമായത്. തൃശൂര്‍ പെരിഞ്ഞനം ബീച്ചിലും കടലേറ്റം ശക്തമാണ്. ഇവിടെ മത്സ്യബന്ധന വലകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കടല്‍ഭിത്തി കടന്നിട്ടാണ് തിരകള്‍ അടിച്ചുകയറിയത്. കൊല്ലം മുണ്ടക്കലില്‍ കടല്‍ കയറി വീടുകള്‍ തകര്‍ന്നു. റോഡ്‌ പൂര്‍ണമായും കടലെടുത്തു. ആലപ്പുഴയിലും കടലാക്രമണം രൂക്ഷമാണ്. പുറക്കാട്, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടല്‍ കടന്നുകയറിയത്. പുറക്കാട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.

തിരുവനന്തപുരത്ത് പൂന്തുറ, പെരുമാതുറ, അടിമലത്തുറ, തുമ്പ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കൊല്ലങ്കോട് മുതല്‍ നീരോട് വരെ 50 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെ കടല്‍ കരയിലേക്ക് വലിയ തോതിലാണ് കടന്നുകയറിയിരിക്കുന്നത്. വൈകീട്ടോടെയാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ 50 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പൊഴിക്കരയില്‍ റോഡ്‌ പൂര്‍ണമായും വെള്ളത്തിനടിയിലായി.

പൊഴിയൂരില്‍ നിന്നും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നുണ്ട്. ഇവിടെ കടല്‍ ആദ്യം ഉള്‍വലിഞ്ഞിരുന്നു. പിന്നീടാണ് ശക്തമായ കടലാക്രമണം നടന്നത്. പൂന്തുറയിലും ശക്തമായ കടലാക്രമണം നടന്നിട്ടുണ്ട്. ഇവിടെ നിരവധി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top