13കാരന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ പോലീസ്; ഒരു മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം; സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ച് ആക്ഷന്‍ കൗൺസിൽ
ആലപ്പുഴ: എഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ പ്രതിചേര്‍ത്ത അധ്യാപകരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ ആക്ഷന്‍ കൗൺസിൽ. കേസ് എടുത്ത് 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പോലീസിന്റെ വാഗ്ദാനം. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. കേസിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ അച്ഛനും പരാതിക്കാരനുമായ മനോജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ സ്കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്.
അതേസമയം കേസിൽ പ്രതിയായ ക്രിസ്തുദാസ് അറസ്റ്റ് തടയാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാർച്ച് 21 വരെ അറസ്റ്റ് വിലക്കി കോടതി ഉത്തരവിട്ടു. പ്രതിയായ അധ്യാപിക രമ്യയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതായും പോലീസ് പറയുന്നു. എന്നാൽ ഇന്നാണ് ഇക്കാര്യങ്ങള്‍ പോലീസ് അറിയിച്ചതെന്നും മനോജ് ആരോപിച്ചു.
ഫെബ്രുവരി 15നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രജിത്ത് ആത്മഹത്യ ചെയ്തത്. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന പ്രജിത്ത് മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. അന്നേദിവസം പ്രജിത്തിന് സ്‌കൂളിൽ മോശം അനുഭവം ഉണ്ടായതായി സഹപാഠികൾ പറഞ്ഞു. ക്ലാസിൽ വയ്യാതായ കുട്ടിക്കൊപ്പം പ്രജിത്ത് വെള്ളം കുടിക്കാൻ പോയിരുന്നു. ഇരുവരേയും കാണുന്നില്ല എന്ന് പറഞ്ഞ അധ്യാപിക സ്‌കൂളിൽ പൊതുവായ അറിയിപ്പ് നൽകി. വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞത് ടീച്ചര്‍ വിശ്വസിച്ചില്ല. മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചു. മറ്റൊരു അധ്യാപകൻ വന്ന് പോക്കറ്റുകള്‍ പരിശോധിച്ച് നീ ഓക്കെ കഞ്ചാവ് ആണോ എന്ന് ചോദിച്ചു. കുട്ടിയെ ചൂരലുകൊണ്ട് മർദിച്ചതായും പരാതിയിൽ ആരോപിക്കുന്നു. പ്രജിത്ത് കടുത്ത മനോവിഷമം നേരിട്ടതായും സഹപാഠികൾ പറഞ്ഞിരുന്നു.
കുട്ടിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനും മുഖ്യമന്ത്രിക്കും ബാലാവകാശകമ്മീഷനും പരാതി നല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, അപകടകരമായ ആയുധങ്ങളോ മറ്റോ ഉപയോഗിച്ച് മനപൂര്‍വ്വം മുറിവേൽപ്പിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. എന്നാൽ കേസ് എടുത്ത അടുത്ത ദിവസം മുതൽ അധ്യാപകർ ഒളിവിലായിരുന്നു. മരണത്തില്‍ സ്‌കൂൾ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കേസ് അന്വേഷിച്ചിരുന്ന സിഐയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതും കേസിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here