മകന്റെ മരണത്തില്‍ സ്കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പിതാവ്; അറസ്റ്റ് ഭയന്ന് അധ്യാപകര്‍ ഒളിവില്‍; സ്കൂളിനെതിരെ ആരോപണങ്ങളുമായി മറ്റ് രക്ഷിതാക്കളും

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രജിത്തിന്‍റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഒളിവില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട്‌, അപകടകരമായ ആയുധങ്ങളോ മറ്റോ ഉപയോഗിച്ച് മനപൂര്‍വ്വം മുറിവേൽപ്പിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ സ്കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. അതേസമയം കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവിലാണ്.

കുട്ടിയെ അധ്യാപകര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രജിത്തിന്റെ അച്ഛന്‍ മനോജ്‌ പരമേശ്വരന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ സ്കൂള്‍ മാനേജ്‌മന്റിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യവും മനോജ്‌ ഉന്നയിച്ചിട്ടുണ്ട്. കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും വ്യക്തമായ ഒരു മറുപടി ലഭിച്ചിട്ടില്ലെന്ന് മനോജ്‌ പറയുന്നു. “സ്കൂളില്‍ പൊതുദര്‍ശനം നടത്തുകയോ സ്കൂളിന്റെ ഭാഗത്തുനിന്ന് ഒരു റീത്ത് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. കുട്ടിയെ ജനല്‍ കമ്പിയില്‍ പിടിച്ചുനിര്‍ത്തി ചൂരലുകൊണ്ട് അടിച്ചതായാണ് സഹപാഠികള്‍ പറയുന്നത്. ഇത് പരിശോധിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ സ്കൂളിലെ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.” മനോജ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

പ്രജിത്തിന്റെ മരണത്തിനുശേഷം സ്കൂളിനെതിരെ ഇത്തരത്തില്‍ സമാനമായ ആരോപണങ്ങള്‍ മറ്റ് രക്ഷിതാക്കളും ഉന്നയിക്കുന്നതായി അജിത്ത് കൂട്ടിച്ചേര്‍ത്തു. വെക്കേഷന്‍ സമയത്ത് സ്കൂള്‍ ഫീസ്‌ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ അടുത്തിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് പിടിച്ചുവെച്ച സംഭവം സ്കൂളില്‍ നടന്നതായി പറയുന്നു.

എന്നാല്‍ കുട്ടിയുടെ മരണത്തില്‍ സ്കൂളിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സോഫി തയ്യാറായില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്ന് മാത്രമാണ് സിസ്റ്റര്‍ സോഫി മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചത്.

ക്ലാസില്‍ തലകറക്കം വന്ന സുഹൃത്തിന്‍റെ കൂടെ വെള്ളം കുടിക്കാന്‍ പോയതിനാണ് പ്രജിത്തിനെ അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ച് അപമാനിക്കുകയും ചെയ്തത്. സംഭവത്തിലുണ്ടായ മനോവിഷമത്തില്‍ സ്കൂള്‍ വിട്ട് വീട്ടില്‍ വന്ന പ്രജിത്ത് ഈ മാസം 15ന് തൂങ്ങി മരിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് മുന്‍പ് സ്കൂളില്‍ നിന്നും ഇത്തരത്തിലുള്ള അനുഭവം പ്രജിത്ത് നേരിട്ടതായി പറഞ്ഞിട്ടില്ല. അടുത്തിടെ നടന്ന രക്ഷിതാക്കളുടെ മീറ്റിങ്ങില്‍ പോലും കുട്ടിയെ പറ്റി യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് അജിത്ത് വ്യക്തമാക്കി. പ്രജിത്തിനെ പഠിപ്പിക്കാത്ത മറ്റൊരു ക്ലാസിലെ അധ്യാപികയാണ് രണ്ടാം പ്രതി രമ്യ. സ്കൂള്‍ അധികൃതര്‍ക്കെതിരെ മുന്നോട്ട് പോകുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും സമരസമിതി അംഗം സുനില്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top