ജന്മം നല്‍കിയതിന് അമ്മയച്ഛന്മാരെ കൊന്നൊടുക്കുന്ന മക്കളെ കാണുന്നില്ലേ; രാസ ലഹരിയില്‍ എരിഞ്ഞടങ്ങുന്ന മലയാളി യുവത്വം; ചങ്ക് തകര്‍ക്കുന്ന കാഴ്ചകള്‍

കഴിഞ്ഞ മാസം 15ന് വൈകുന്നേരം പറവൂരില്‍ ഒരു ചെറുപ്പക്കാരന്‍ അയല്‍വീട്ടിലെ മൂന്ന് പേരെ കമ്പിവടിക്ക് അടിച്ചുകൊല്ലുന്നു.പ്രതി ഋതു ജയന്‍. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായം. ലഹരിക്ക് അടിമ യായിരുന്നു. പേരേപ്പാടം കാട്ടുപറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മരുമകന്‍ ജിതിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി ഋതു റിമാന്റിലാണ്.

കോഴിക്കോട്- താമര ശ്ശേരിയില്‍ കഴിഞ്ഞ മാസം ലഹരിക്ക് അടിമയായ മകന്‍ അമ്മയെ കഴുത്തറത്ത് കൊന്നു. കൊലപാതകം നടത്തിയതിന് കാരണമായി പറഞ്ഞ ന്യായമാണ് ഏറെ അമ്പരപ്പുണ്ടാക്കിയത്. ‘തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നല്‍കിയത്്’ എന്നായിരുന്നു അരുംകൊലയുടെ കാരണം ചോദിച്ചവരോടെ മകന്‍ ആഷിഖ് പറഞ്ഞ വിചിത്ര മറുപടി. സഹോദരിയുടെ വീട്ടില്‍ സുഖമില്ലാതെ കിടന്ന അമ്മ സുബൈദ (52) യെ അവിടെ എത്തിയാണ് കൊടുവാളിന് ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്.

സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് തിരുവനന്തപുരം വെള്ളറടയില്‍ ലഹരിക്കടിമയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വന്ന 28 കാരനായ പ്രദീപ് അച്ഛനെ വെട്ടിക്കൊന്ന ശേഷം പോലീസില്‍ കീഴടങ്ങുകയായിരുന്നു. അച്ഛന്‍ സ്വാതന്ത്ര്യം അനുവദിക്കാത്തതു കൊണ്ട് കൊന്നതാണെന്ന് അയാള്‍ പോലീസിനോട് പറഞ്ഞത്. പുതുവര്‍ഷം പിറന്ന ശേഷം 45 ദിവസത്തിനിടയില്‍ നടന്ന ദാരുണ സംഭവങ്ങളില്‍ ചിലത് മാത്രമാണിത്.

ലഹരി ഉപയോഗം നമ്മുടെ കുടുംബങ്ങളേയും ചെറുപ്പക്കാരേയും നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതിന്റെ ദയനീയ സംഭവങ്ങളാണ് മേലുദ്ധരിച്ച മൂന്ന് കൊലപാതകങ്ങള്‍. നമ്മുടെ കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കണോ, .കുഞ്ഞുങ്ങളെ വിധിക്ക് വിട്ടുകൊടുക്കണോ എന്ന് ചങ്ക്‌പൊട്ടും വിധത്തില്‍ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സര്‍ക്കാരിനോടായി ചോദിച്ച ചോദ്യം കേരളം ഇന്ന് നേരിടുന്ന അപകടകരമായ അവസ്ഥയെക്കുറിച്ചുള്ള ഒരു കുടുംബനാഥന്റെ വിലാപമായി കണ്ടാല്‍ മതി. ലഹരി വ്യാപനത്തിന്റെ ഗൗരവം സമൂഹവും സര്‍ക്കാരും വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന പരാതി പൊതുമണ്ഡലത്തിലുണ്ട്.

പാലക്കാട് നെന്മാറയില്‍ ചെന്താമര (54) എന്ന കൊടും ക്രിമിനല്‍ അമ്മയേയും മകനേയും വെട്ടിക്കൊന്നു.രണ്ട് പെണ്‍കുട്ടികളെ അനാഥരാക്കി. അഞ്ചു കൊല്ലം മുമ്പ് ഇയാള്‍ ഇവരുടെ അമ്മയെ വെട്ടിക്കൊന്നിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ശേഷമാണ് സുധാകരനേയും അമ്മയേയും കൊന്നത്. ചെന്താമരയും ലഹരിക്കും അന്ധവിശ്വാസത്തിനും അടിമയാണ്.

ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്തു. അമ്മ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ലഹരിക്ക് അടിമയായി സ്വബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് 24 കാരന്‍. കഴിഞ്ഞ ദിവസം ‘അപ്പനാണെന്ന് ഞാന്‍ നോക്കില്ല കുത്തി കുടലെടുക്കും എന്ന് പറഞ്ഞ് അപ്പനെ തല്ലുന്ന, ലഹരിക്ക് അടിമയായ 17 കാരനെയും നമ്മള്‍ കണ്ടു. ലഹരിയുടെ ചതിക്കുഴിയില്‍ വീണുപോകുന്ന യുവതി – യുവാക്കളെ വീണ്ടെടുക്കാന്‍ തല്‍ക്കാലം ഒരു പദ്ധതിയോ പരിപാടിയോ കേരളത്തില്‍ ഇല്ല. മക്കളെ ഭയന്ന് കഴിയുന്ന അമ്മയപ്പന്മാര്‍ – ഏത് നേരത്തും എന്തും സംഭവിക്കാവുന്ന അവസ്ഥ. കുടുംബങ്ങള്‍ കൊലക്കളങ്ങളാകുന്ന ദയനീയ കാഴ്ച്ചകള്‍ ഇനിയും കാണേണ്ടി വരും എന്ന് ഉറപ്പാണ്.

കോട്ടയം കാരിത്താസിന് സമീപം ശ്യാമപ്രസാദെന്ന പോലീസ് ഉദ്യോഗസ്ഥനെ ജിബിന്‍ ജോര്‍ജെന്ന ലഹരിക്കടിമ അടിച്ചു കൊന്നു. കുണ്ടറയില്‍ മറ്റൊരു ചെറുപ്പക്കാരന്‍ അമ്മയേയും മുത്തച്ഛനേയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ഇവരെല്ലാം വര്‍ഷങ്ങളായി രാസലഹരിക്ക് അടിമയായിരുന്നു. ഇതേ കുണ്ടറയില്‍ മറ്റൊരു ലഹരി ബാധക്കാരനായ യുവാവ് പട്ടാപ്പകല്‍ അമ്മയെ അടിച്ചു കൊന്ന ശേഷം പാട്ടും കേട്ട് ഓംലറ്റുണ്ടാക്കി കഴിച്ചു. രാത്രിയില്‍ മതിലു ചാടി രക്ഷപ്പെട്ടു.

നമ്മുടെ ഇടയില്‍ നിത്യവും നടക്കുന്ന സാധാരണ സംഭവങ്ങള്‍. എക്‌സൈസിനോ പോലിസിനോ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഒരുതരം നിഷ്‌ക്രിയത്വവും നിസംഗതയും ബാധിച്ച അവസ്ഥ. വെളിച്ചത്തിന് മുന്നില്‍ വന്ന് എരിഞ്ഞടങ്ങുന്ന ഈയാം പാറ്റകളെ പോലെ നമ്മുടെ യുവതലമുറ ലഹരിക്കു മുന്നില്‍ എരിഞ്ഞടങ്ങുന്ന കാഴ്ച കണ്ടു നില്‍ക്കാനാവില്ല. കഞ്ചാവും അനുബന്ധ ലഹരികളും അപ്രസക്തമായി, പകരം അതിമാരകമായ രാസലഹരിയാണ് യുവതി – യുവാക്കളെ കീഴടക്കുന്നത്. നമ്മളിങ്ങനെ കാഴ്ചക്കാരായാല്‍ മതിയോ എന്ന ചോദ്യം ഏറെ പ്രസക്തമാവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top