ആലത്തൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പരാജയത്തില്‍ പങ്കില്ലെന്ന് ഡിസിസി; പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്ന് രമ്യ ഹരിദാസ്
പാലക്കാട്: തൃശൂര്‍ തോല്‍വിയില്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.മുരളീധരന്‍ രംഗത്തുവന്നത് വിവാദമായി തുടരവേ ആലത്തൂരിലും പൊട്ടിത്തെറി. ആലത്തൂരിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറ്റപ്പെടുത്തി പാലക്കാട് ഡിസിസി നേതൃത്വമാണ് രംഗത്തുവന്നത്. പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർത്ഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത് എന്നുമാണ് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞത്. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ സ്ഥാനാർത്ഥി ചെവിക്കൊണ്ടില്ലെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെ എന്നായിരുന്നു സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രതികരണം. “ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ സഹകരിച്ചു തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല.” – രമ്യ ഹരിദാസ് പറഞ്ഞു.
അതേസമയം യുഡിഎഫ് തോല്‍വിയില്‍ തന്‍റെ നിലപാടും കാരണമായിട്ടുണ്ട് എന്ന് അവകാശപ്പെട്ട് എ.വി.ഗോപിനാഥും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രതിഫലിച്ചില്ലെന്നാണ് ഡിസിസി പ്രസിഡന്റ് പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here