‘ജസ്റ്റ് റിമമ്പർ ദാറ്റ്’… മദ്യപിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്; കണക്കുകൾ വിചിത്രം; കൗമാരക്കാരെ സൂക്ഷിക്കണം

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മദ്യ ഉപഭോഗം കൂടിവരുന്നതായി കണക്കുകൾ മുൻപ് തന്നെ പുറത്തുവന്നിട്ടുണ്ട്. വിറ്റഴിക്കപ്പെടുന്ന മദ്യത്തിൻ്റെ അളവ് പരിഗണിച്ചുളള കണക്കുകളാണ് അവയെല്ലാം. എന്നാലിപ്പോൾ മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളുടെ കണക്കാണ് ലോകാരോഗ്യ സംഘടന (WHO) പുറത്തുവിട്ടിരിക്കുന്ന്. ഇതുപ്രകാരം ഇന്ത്യയിൽ ആകെ നടക്കുന്ന മരണങ്ങളുടെ 38.5 ശതമാനവും മദ്യപാനം കാരണമാണ്. 2019ലെ റിപ്പോർട്ടാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്നത്. മദ്യപാനം മൂലം ലോകവ്യാപകമായി പ്രതിവർഷം 26 ലക്ഷം പേർ മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയേക്കാൾ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ചൈനയെ കടത്തിവെട്ടുന്ന മരണനിരക്കാണ് ഇത്. ചൈനയിൽ മദ്യപാനം മൂലമുള്ള പുരുഷന്മാരുടെ മരണനിരക്ക് 16 ശതമാനമായിരിക്കെ ആണ് ഇന്ത്യയിലേത് 63 ശതമാനത്തിലെത്തി നിൽക്കുന്നത്. മനുഷ്യരാശിയുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന മദ്യ- ലഹരിമരുന്ന് ഉപയോഗത്തിന് നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ലോകജനസംഖ്യ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേയിസ് മുന്നറിയിപ്പ് നൽകുന്നു. 2030 ആവുമ്പോഴേക്കും മദ്യപാനം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

2019 ലെ കണക്കനുസരിച്ച് ആളോഹരി മദ്യ ഉപഭോഗം 4.19 ലിറ്ററാണ്. 2030 ആകുമ്പോൾ ഇത് 6.7 ലിറ്ററാകും എന്നാണ് WHO യുടെ വിലയിരുത്തൽ. ഇന്ത്യയിൽ 15 വയസ് മുതലുള്ള കൗമാരക്കാരുടെ ഇടയിൽ മദ്യാസക്തി ഏറിവരുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഒടുവിൽ പൂണെയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി മദ്യപിച്ച് കാറോടിച്ച് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവം വൻ വിവാദമായിരുന്നു. കൗമാരക്കാരിൽ 7.1 ശതമാനം പേരും മദ്യപാനം ശീലമാക്കിയവരാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. 15 മുതൽ 19 വരെയുള്ള കൗമാരക്കാർക്കിടയിൽ മദ്യ ഉപഭോഗം കൂടിയതാണ് മരണനിരക്ക് കൂടാനും കാരണമായതെന്നും റിപ്പോർട്ടിലുണ്ട്.

കോവിഡ് കാലത്ത് ലോകവ്യാപകമായി മദ്യ ഉപഭോഗം 10 ശതമാനമായി കുറഞ്ഞുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗ്രാമങ്ങളിലാണ് മദ്യ ഉപഭോഗം കൂടുതലെന്ന് 2019-21ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവെയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്ത് മദ്യം കഴിക്കുന്ന പുരുഷന്മാരുടെയും (53%) സ്ത്രീകളുടെയും (24%) അനുപാതം ഏറ്റവും കൂടുതൽ അരുണാചൽ പ്രദേശിലാണ്. സ്ത്രീകളുടെ മദ്യപാനത്തിൻ്റെ കാര്യത്തിൽ അരുണാചൽ പ്രദേശിന് തൊട്ടുപിന്നിൽ സിക്കിം (16%) ആണ്. പുരുഷന്മാരിൽ തെലങ്കാനയാണ് (43%) തൊട്ടുപിന്നിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top