മദ്യപാനികൾക്കും പുകവലിക്കാർക്കും ഇൻഷുറൻസ് പരിരക്ഷയില്ല; ചിലവ് കൂടുന്നെന്ന് മെഡിസെപ്പ് കരാർ കമ്പനി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും എർപ്പെടുത്തിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിരക്ഷ ഇനിമുതല്‍ മദ്യപാനികൾക്കും പുകവലിക്കാർക്കും ലഭിക്കില്ല. ലഹരി ഉപയോഗിക്കുന്നവരെ പൂര്‍ണമായും ഇൻഷുറൻസ് പരിരക്ഷയില്‍നിന്നും ഒഴിവാക്കാനാണ് മെഡിസെപ്പിൻ്റെ കരാർ കമ്പനിയായ ഓറിയൻറല്‍ ഇൻഷുറൻസിന്‍റെ തീരുമാനം. കരാർ എടുത്തതിനേക്കാൾ വലിയ തുക ഇതിനകം ചിലവായി കഴിഞ്ഞതാണ് കാരണം. ചിലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കമ്പനി ഇത്തരം കർശന വ്യവസ്ഥകൾ നടപ്പാക്കുന്നത്.
ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന വ്യവസ്ഥ മുമ്പും നിലവിലുണ്ടായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ പരിരക്ഷ ലഭിക്കില്ലായിരുന്നു. വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവർക്കും നേരത്തേ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നു. എന്നാൽ ഇനി മുതൽ മെഡിസെപ്പ് പരിരക്ഷയുള്ള ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ രോഗിയുടെ ചികിത്സസംബന്ധമായ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിക്കണം. നൽകുന്ന വിവരങ്ങളിൽ ലഹരി ഉപയോഗമുണ്ടെന്നോ, ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാല്‍ ആനുകൂല്യം റദ്ദാക്കും. മുമ്പ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും രോഗ കാരണം അതല്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാലും ഇൻഷുറൻസ് കമ്പനി പണം നല്‍കില്ല.
ഇൻഷുറൻസ് കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു തീരുമാനമെടുത്ത സാഹചര്യത്തിൽ ഓറിയൻറല്‍ ഇൻഷുറൻസിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മദ്യപാനവും പുകവലിയും കാരണം രോഗം ബാധിക്കുന്നവര്‍ ചികിത്സ തേടിയാല്‍ ഇൻഷുറൻസ് പരിരക്ഷ നല്‍കില്ലെന്ന കരാർ കമ്പനിയുടെ തീരുമാനത്തിൽ സര്‍ക്കാരിനും എതിർപ്പില്ല. എന്നാല്‍ വര്‍ഷങ്ങളായി ലഹരി ഉപേക്ഷിച്ച മെഡിസെപ്പ് പരിരക്ഷ ഉള്ളവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിനോട് ധനവകുപ്പിന് വിയോജിപ്പുണ്ട്. അതുകൊണ്ട് പുനപരിശോധന വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നവരുടെ എണ്ണം വ്യാപകമായി കുറയും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം പേരാണാണ് നിലവിൽ മെസിസെപ്പിൻ്റെ ഗുണഭോക്താക്കൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here