കർദ്ദിനാൾ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ പരാതിക്കാരന് കോടതിയെ സമീപിക്കാം; വ്യവസ്ഥകൾ പാലിക്കാൻ മാർ ആലഞ്ചേരി ബാധ്യസ്ഥനെന്ന് ഹൈക്കോടതി
കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് അലഞ്ചേരി ജാമ്യവ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥനാണ് എന്ന് ഹൈക്കോടതി. ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിൽ പറയുന്ന എല്ലാ വ്യവസ്ഥകകളും പാലിക്കാൻ ആലഞ്ചേരി ബാധ്യസ്ഥനാണ്. വ്യവസ്ഥയുടെ ലംഘനം ഉണ്ടായാൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
കേസിലെ പരാതിക്കാരനായ ജോഷി വർഗീസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആലഞ്ചേരി എല്ലാ ജാമ്യവ്യവസ്ഥകളും പാലിക്കുമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ പ്രഥമദൃഷ്ടിയാൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കി കേസെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് ആലഞ്ചേരി കേസിൽ ജാമ്യം എടുത്തത്. സഭയുടെ ഭൂമിയിടപാട് കേസിൽ കർദിനാളിനെ കൂടാതെ സീറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സാജു വർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ മറ്റ് കൂട്ടുപ്രതികൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here