‘പ്രകൃതിദുരന്തങ്ങളെ തടയുന്ന ഒരേയൊരു ദൈവം’; അവകാശവാദവുമായി തമിഴ്നാട്ടിലെ അന്യഗ്രഹജീവി ക്ഷേത്രം

സിനിമാ നടിമാർക്കും രാഷ്ട്രീയക്കാർക്കും കൊള്ളക്കാർക്കും വരെ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ കൗതുകമായി അന്യഗ്രഹജീവി ക്ഷേത്രം. സേലം ജില്ലയിലെ മുല്ലപ്പെട്ടി ഗ്രാമത്തിൽ സിദ്ധർ ഭാകിയ എന്നറിയപ്പെടുന്ന ലോകനാഥനാണ് ക്ഷേത്രം നിർമിച്ചത്. 45കാരനായ ഇദ്ദേഹം തന്നെയാണ് ക്ഷേത്രത്തിലെ പൂജാരിയും. ഇവിടുത്തെ ദൈവമായ അന്യഗ്രഹജീവിക്ക് പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ശക്തിയുണ്ടെന്നാണ് ലോകനാഥൻ്റെ അവകാശവാദം.

പരിധിയില്ലാത്ത ശക്തിയുള്ളതിനാൽ ലോകത്തെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു ദൈവമാണ് ഇതെന്നുമാണ് അദ്ദേഹം പറയുന്നത്. ഏകദേശം മുക്കാൽ ഏക്കർ സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രത്തില്‍ പതിനൊന്നടി താഴ്ചയിൽ മണ്ണിനടിയിലായിട്ടാണ് അന്യഗ്രഹജീവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ശിവന്‍, പാര്‍വതി, മുരുകന്‍, കാളി തുടങ്ങിയവരുടെ പ്രതിഷ്‌ഠയും ഈ ക്ഷേത്രത്തിലുണ്ട്. ഭൂമിയുടെ അടിയിലാണ് മറ്റ് പ്രതിമകളും സ്ഥാപിച്ചിരിക്കുന്നത്.

“ലോകത്തിൽ പരമശിവൻ സൃഷ്ടിച്ച ആദ്യത്തെ ദേവതയാണ് അന്യഗ്രഹജീവി. ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കുന്നതിന് മുമ്പ് അന്യഗ്രഹജീവികളില്‍ നിന്നും അനുവാദം വാങ്ങിയിരുന്നു. ലോകത്തെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു ദൈവമാണിത്. അവർക്ക് പരിധിയില്ലാത്ത ശക്തിയുണ്ട്. അന്യഗ്രഹജീവികൾ ലോകത്തെ ഉപദ്രവിക്കില്ല. അവർ ജനങ്ങൾക്ക് ഒരു ദോഷവും ചെയ്യില്ല. നന്മ ചെയ്യാൻ വേണ്ടി മാത്രമാണ് അവർ നമ്മെ അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഈ ക്ഷേത്രം നിർമ്മിച്ചത്”- എന്നാണ് അമ്പലം നിർമിക്കാനുണ്ടായ കാരണത്തെപ്പറ്റി ലോകനാഥൻ പറയുന്നത്.

അന്യഗ്രഹജീവികളെ കണ്ടിട്ടുണ്ടെന്നും അവരോട് സംസാരിച്ചിട്ടുണ്ടെന്നും ലോകനാഥൻ അവകാശപ്പെടുന്നു. രണ്ടു പ്രാവശ്യം അന്യഗ്രഹജീവികളോട് സംസാരിച്ചിട്ടുണ്ട്. തനിക്ക് ഭ്രാന്താണെന്ന് ആരും കരുതരുത്. അന്യഗ്രഹ ജീവികളെ കുറിച്ച് പലരും ഗവേഷണം നടത്തുന്നുണ്ട്. അവർ അതിനെക്കുറിച്ച് പലരോടും പറയുന്നു. എന്നാലത് ആരും വിശ്വസിക്കുന്നില്ല. അന്യഗ്രഹ ജീവികളെ വിശ്വസിച്ചാൽ ഭൂമിയിലേക്കുള്ള അവരുടെ വരവ് കൂടുമെന്നും ലോകനാഥൻ പറയുന്നു. നിരവധി ആളുകളാണ് ഇന്ത്യയിലെ ആദ്യ അന്യഗ്രഹജീവി ക്ഷേത്രം സന്ദർശിക്കാനായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top