കാനിൽ ഇന്ത്യയുടെ അഭിമാനമായി മലയാളികൾ; ദിവ്യപ്രഭയും കനി കുസൃതിയും അഭിനയിച്ച ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ വേള്‍ഡ് പ്രീമിയര്‍ നടന്നു

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ വേള്‍ഡ് പ്രീമിയര്‍ ഇന്നലെ നടന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ ഫിലിം കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത കാനിലെ ഗ്രാന്‍ഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്ക് ശേഷം സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കള്‍ ആണെന്ന് പായര്‍ കപാഡിയ പറഞ്ഞു. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത കയ്യടിയും നല്‍കിയ വേദിയിലെ ഓരോരുത്തര്‍ക്കും പായല്‍ കപാഡിയ നന്ദി രേഖപ്പെടുത്തി.

ഇന്നലെ രാത്രി നടന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി സംവിധായിക പായല്‍ കപാഡിയ, പ്രധാന താരങ്ങള്‍ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂണ്‍, ഛായാ ഖദം എന്നിവരോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവര്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ചു. ഇന്ത്യന്‍ താരങ്ങളെ ആവേശത്തോടെയാണ് കാന്‍ ഫെസ്റ്റിവല്‍ സ്വീകരിച്ചത്. തുടര്‍ന്ന് പ്രധാന തിയറ്റര്‍ ആയ ഗ്രാന്‍ഡ് തിയറ്റര്‍ ലൂമിയറിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് സ്‌ക്രീനിംഗ് നടന്നത്. മത്സരവിഭാഗത്തില്‍ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാധ്യമ പ്രവര്‍ത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു.

മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതവും സൗഹൃദവും പ്രണയവും പശ്ചാത്തലമാക്കിയാണ് പായല്‍ കപാഡിയ തന്റെ ആദ്യ ഫിക്ഷന്‍ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. കാനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഓരോ മലയാളിക്കും അഭിമാനമായി മാറിയത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമാ താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമായിരുന്നു. കാനില്‍ ചരിത്ര വിജയം നേടുമോ ഈ ഇന്ത്യന്‍ ചിത്രം എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top