ലൈംഗികാതിക്രമക്കേസുകളിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി; കൃത്യം നടന്നത് അടച്ചിട്ട മുറിയിലെങ്കിൽ സൂക്ഷ്മപരിശോധന വേണം; ഇരയുടെ മൊഴിയെ മാത്രം ആശ്രയിക്കരുത്

ന്യൂഡല്‍ഹി: ഒരു മുറിയുടെയോ വീടിന്റെയോ ചുമരുകള്‍ക്കുള്ളില്‍ നടന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ ഇരയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കുമ്പോള്‍ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി. സംശയം തോന്നിയാൽ മൊഴിയുടെ സാധുത പരിശോധിക്കാൻ മറ്റെല്ലാ സാധ്യതയും തേടണം. അതേസമയം ബലാൽസംഗം പോലെയുള്ള കേസുകളിൽ എല്ലാ പഴുതുമടച്ച മൊഴി തന്നെ ഇര നൽകണമെന്ന് നിർബന്ധം പിടിക്കാനാകില്ല. മൊഴി വിശ്വാസയോഗ്യമെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം അതിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു.

തമിഴ്നാട് പോലീസ് റജിസ്റ്റർ ചെയ്ത പോക്‌സോ കേസിൻ്റെ അപ്പീലിൽ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പതിമൂന്നുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണവിധേയനായ അധ്യാപകനെ സുപ്രീം കോടതി വെറുതെവിട്ടു. കേസില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഈ കേസിലെ ഇരയുടെ മൊഴിയിൽ ന്യൂനതകളുണ്ട്. അവയെ അവഗണിച്ചാൽ തന്നെയും സ്കൂളിലെ ഹെഡ്മാസ്റ്റർ, അതേ സ്കൂളിൽ തന്നെ പഠിക്കുന്ന ഇരയുടെ സഹോദരൻ എന്നിവരെ വിസ്തരിച്ചില്ല എന്ന ഗുരുതര പിഴവ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

‘ഒരു മുറിയുടെയോ വീടിന്റെയോ പരിധിക്കുള്ളില്‍, അല്ലെങ്കില്‍ പൊതുജനങ്ങളുടെ ശ്രദ്ധ പതിയാത്ത ഒരു പൊതുസ്ഥലത്ത് നടന്നുവെന്ന് പറയുന്ന ലൈംഗികാതിക്രമ കേസുകളില്‍, ഇരയുടെ മൊഴിയുടെ ആധികാരികത സംബന്ധിച്ച് കോടതിക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍, കോടതി വിവേചനാധികാരം ഉപയോഗിച്ച് സംഭവം നേരിട്ട് കണ്ട മറ്റ് സാക്ഷികളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സാഹചര്യങ്ങളില്‍ നിന്നോ സത്യം കണ്ടെത്തുന്നതിന് സ്ഥിരീകരണം തേടണം,’ ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ.വി. വിശ്വനാഥന്‍, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് നിർദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top