മദ്യനയ അഴിമതിയില്‍ പണം മുഴുവന്‍ ലഭിച്ചത് ബിജെപിക്ക്; കേസിലെ മാപ്പുസാക്ഷി 34 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി നല്‍കി; ആരോപണവുമായി എഎപി
ഡല്‍ഹി: മദ്യനയ അഴിമതിയിലെ മുഴുവന്‍ പണവും ലഭിച്ചത് ബിജെപിക്കാണെന്ന ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി 34 കോടി രൂപ നല്‍കി. കേജ്‌രിവാളിനെ കണ്ടിട്ടില്ലെന്നും അയാളുമായി ഇടപാടുകളില്ലെന്നുമായിരുന്നു ആദ്യ മൊഴിയെങ്കില്‍ ഇഡി അറസ്റ്റിനു പിന്നാലെ ഇയാള്‍ മൊഴി മാറ്റി പറഞ്ഞതായും എഎപി മന്ത്രി അതിഷി സിങ് ആരോപിച്ചു.
വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി നടപടി സ്വീകരിച്ചത്. ബിജെപിയും റെഡ്ഡിയും തമ്മിലുള്ള ബന്ധമാണ് കേജ്‌രിവാളിനെ കുടുക്കിയത്. അരബിന്ദോ ഫാര്‍മയുടെ ഉടമയായ ശരത് ചന്ദ്ര പലപ്പോഴായി 34കോടി രൂപ ഇലക്ടറല്‍ ബോണ്ടായി ബിജെപിക്ക് നല്‍കിയ രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടുകൊണ്ട് അതിഷി വെളിപ്പെടുത്തി. ഒരു രൂപയുടെ അഴിമതി പോലും കേജ്‌രിവാളിനെതിരെ ഇഡിക്ക് തെളിയിക്കാനായിട്ടില്ല. പണം ലഭിച്ചതുമായി ബന്ധപ്പെട്ട് ജെപി നദ്ദയെ ഇഡി ചോദ്യം ചെയ്യണമെന്നും അതിഷി ആവശ്യപ്പെട്ടു.
കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഈ മാസം 28 വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പിഎംഎല്‍എ കോടതി അനുവദിച്ചിരുന്നു. മദ്യനയ അഴിമതി കേസിന്റെ മുഖ്യസൂത്രധാരൻ കേജ്‌രിവാളാണെന്നാണ് ഇഡിയുടെ ആരോപണം. കേജ്‌രിവാളിനെ ബിആര്‍എസ് നേതാവ് കെ.കവിതയോടൊപ്പം ഇരുത്തി ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here