‘ഷാജിയെ എസ്എഫ്ഐക്കാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുന്നത് കണ്ടു; നാട്ടിലെത്തിയാല്‍ ജീവനൊടുക്കുമെന്ന് പറഞ്ഞു’; ആരോപണവുമായി നൃത്ത പരിശീലകര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നൃത്ത പരിശീലകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എന്‍.ഷാജിയെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചത് തങ്ങള്‍ കണ്ടുവെന്ന് ജോമെറ്റും സൂരജും വെളിപ്പെടുത്തി. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും ജോമെറ്റ് പറഞ്ഞു.
ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് മര്‍ദിച്ചത്. മര്‍ദനത്തിനിടെ, താന്‍ നാട്ടിലെത്തിയാല്‍ ജീവനൊടുക്കുമെന്ന് ഷാജി എസ്എഫ്ഐക്കാരോട് നിലവിളിച്ചു. അഞ്ജു കൃഷണ, അക്ഷയ്, നന്ദന്‍ എന്നിവരെ കൂടാതെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. സെനറ്റ് ഹാളില്‍ വച്ച് വിധികര്‍ത്താക്കളെ മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതായും നൃത്ത അധ്യാപകര്‍ ആരോപിച്ചു.
കോഴ ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ഷാജിയുടെ മരണത്തിന് എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ല. സംസ്ഥാനത്ത് രക്ഷിതാകള്‍ക്ക് ഭീതി വര്‍ധിച്ചുവരികയാണ്. പലര്‍ക്കും കുട്ടികളെ കോളജിലെക്ക് അയക്കാന്‍ പോലും പേടിയാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കലോത്സവ കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ ജോമെറ്റ് മൈക്കിൾ, സി. സൂരജ് എന്നിവര്‍ക്ക് ഇന്ന് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ജോമെറ്റും സൂരജും. ഒന്നാം പ്രതിയായിരുന്നു ജീവനൊടുക്കിയ ഷാജി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here