പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയതായി ആരോപണം; സർക്കാർ പിന്തുണയോടെയെന്ന് ആപ്പിളിന്‍റെ മുന്നറിയിപ്പ്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തിയതായി ആരോപണം. സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. ആപ്പിൾ അയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ നേതാക്കൾ പങ്കുവെച്ചു.

കോൺഗ്രസ് നേതാവായ ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് വക്താവ് പവൻ ഖേര, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരാണ് പരാതിയുമായി രംഗത്തുള്ളത്. മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, ശ്രീറാം കാരി, തിങ്ക് ടാങ്ക് ഒആർഎഫ് ഇന്ത്യയുടെ പ്രസിഡന്റ് സമീർ ശരൺ എന്നിവരും ആപ്പിളിൽ നിന്ന് ഇതേ മുന്നറിയിപ്പ് ലഭിച്ചതായി ഇന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ ട്വീറ്റു ചെയ്തു. എന്നാൽ ഇതിനോട് പ്രതികരിക്കാന്‍ ആപ്പിൾ തയ്യാറായിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെ ഫോൺ ചോർത്തിയതായും പരാതിയുണ്ട്.

സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ മഹുവ മൊയ്ത്രക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഹാക്കിങ്ങിനിരയായാൽ ഫോണിലെ നിർണായക വിവരങ്ങൾ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കർമാർക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിൽ മഹുവക്ക് ഇയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ മെയിലും മഹുവ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടുള്ള മഹുവയുടെ എക്സ് ട്വീറ്റിൽ പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിച്ചു. ഇൻഡ്യ സഖ്യത്തിൽ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേർക്കും സമാനരീതിയിൽ മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top