ചിത്രലേഖയുടെ ഓട്ടോ വീണ്ടും കത്തിച്ചു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
കണ്ണൂർ: ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. സിപിഎമ്മുകാരാണ് കത്തിക്കലിനു പിന്നിലെന്നു ചിത്രലേഖ ആരോപിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭർത്താവിന്റെയും ശ്രദ്ധയിൽപ്പെട്ടത്. പുതുതായി നിർമ്മിച്ച വീടിനു മുൻപിൽ നിറുത്തിയിട്ടിരുന്ന ഓട്ടോയാണ് അഗ്നിക്കിരയായത്. ഇത് രണ്ടാം തവണയാണ് ചിത്രലേഖയുടെ ഓട്ടോ തീവച്ച് നശിപ്പിക്കുന്നത്.
വർഷങ്ങളായി ചിത്രലേഖയും പ്രാദേശിക സിപിഎം നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. പയ്യന്നൂരിലെ എടാട്ടിൽ ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ച തർക്കത്തിലാണ് ചിത്രലേഖയും സിപിഎമ്മും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. സിപിഎമ്മിന്റെ ഭീഷണിയും സമ്മർദ്ദവും നിമിത്തം പയ്യന്നൂർ ഉപേക്ഷിച്ച് കാട്ടാമ്പള്ളിയിലേക്ക് ഏതാനും വർഷ ങ്ങൾക്ക് മുൻപാണ് ചിത്രലേഖ താമസം മാറ്റിയത്.
2002 ൽ തീയ്യ സമുദായത്തിൽപ്പെട്ട ശ്രീഷ്കാന്തിനെ പ്രണയിച്ച് വിവാഹം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സിപിഎം കുടുംബത്തിൽപ്പെട്ട ശ്രീഷ്കാന്ത് ചിത്രലേഖയെ വിവാഹം ചെയ്തതിൽ വീട്ടുകാർക്കും പ്രാദേശിക സിപിഎം നേതൃത്വത്തിനും അലോസരങ്ങൾ ഉണ്ടായിരുന്നു. പിഎംആർവൈ സ്‌കീം പ്രകാരം വായ്‌പ എടുത്തു ഒരു ഓട്ടോ വാങ്ങി പ്രദേശത്തെ ഓട്ടോ സ്റ്റാൻഡിൽ ഓടാൻ തുടങ്ങിയതു മുതൽ സിഐടിയുക്കാർ തടസങ്ങളുമായി രംഗത്തു വന്നു. ഒരുദിവസം ഓട്ടോയുടെ റെക്സിനും മറ്റും കുത്തിക്കീറി ഓട്ടോയ്ക്ക് കേടുവരുത്തി. ഇത് ചോദ്യം ചെയ്തപ്പോൾ വേണ്ടിവന്നാൽ നിന്നെയും കത്തിക്കും എന്നായിരുന്നു സിപിഎമ്മുകാരുടെ മറുപടി. ഇതിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് നിരന്തരം ചിത്രലേഖയെ ആക്രമിക്കുന്നതും മർദിക്കുന്നതും പതിവായി. ഊരുവിലക്കുപോലും ഈ പാവപെട്ട യുവതിക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവ് ശ്രീഷ്കാന്തിനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമമുണ്ടായി. ഇതിനു ശേഷം ചിത്രലേഖയുടെ വീട് തകർക്കുകയും ചെയ്തു.
തനിക്കെതിരെ നിരന്തരമായി സിപിഎം ആക്രമണം നടത്തുന്നതിനെതിരെ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ചിത്രലേഖ കുടിൽ കെട്ടി സമരം ആരംഭിച്ചു. ആ സമരം പിന്നീട് സെക്രട്ടേറിയറ്റ് നടയിലേക്കും മാറി. ഒടുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് അഞ്ചു ലക്ഷം രൂപയും അഞ്ചു സെന്റ് ഭൂമിയും അനുവദിച്ച് വീട് നിർമ്മാണം ആരംഭിച്ചതോടെ സർക്കാർ മാറിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനം റദ്ദ് ചെയ്തു. ഈ ഘട്ടത്തിൽ ചിത്രലേഖ മതം മാറാനും ചില ശ്രമങ്ങൾ നടത്തി. ജാതി പീഡനം സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് താൻ മതം മാറുന്നത് എന്നാണ് ചിത്രലേഖ അന്ന് പറഞ്ഞത്.