കോൺഗ്രസിനെ ഒതുക്കാൻ ഇൻഡ്യ സഖ്യകക്ഷികൾ; ഹരിയാനാ തോൽവി മുന്നണിയെ പൊളിക്കുമോ…

ഹരിയാനയിലെ തോൽവിക്ക് പിന്നാലെ ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിനെതിരെ സഖ്യകക്ഷികൾ. ഡൽഹി, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉടൻ നടക്കാനിരിക്കെയാണ് പ്രധാന പാർട്ടിക്കെതിരെ സഖ്യകക്ഷികൾ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ ചെറുകക്ഷികളെ ഒതുക്കുന്ന നിലപാടിനെതിരെ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ആം ആദ്മി പാർട്ടി (എഎപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നിവർ രംഗത്തെത്തിയിരിക്കുന്നത്.


ഇന്ത്യ മുന്നണിയിലെ കോൺഗ്രസിൻ്റെ അപ്രമാദിത്യത്തിനേൽക്കുന്ന വിള്ളലുകളാണ് സഖ്യകക്ഷികളുടെ പരസ്യ വിമർശനങ്ങൾ. വരാനിരിക്കുന്ന ഡൽഹി, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വിലപേശൽ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകുന്നതാണ് ഹരിയാന ഫലം എന്ന സൂചനകളാണ് കൂട്ടുകക്ഷികൾ വ്യക്തമാക്കിയിരിക്കുന്നത്. അത് തന്നെയാണ് എഎപിയുടെയും ശിവസേനയുടെയും പുതിയ നിലപാടും വ്യക്തമാക്കുന്നത്.

ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന പ്രഖ്യാപനം അം ആദ്മി പാർട്ടി നടത്തിക്കഴിഞ്ഞു. ഹരിയാന സീറ്റ് വിഭജന ചർച്ചയ്ക്കിടെ അവഗണിച്ചെന്ന് ആരോപിച്ചാണ് തീരുമാനം. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാത്തിലെത്തിയത് കോൺഗ്രസിൻ്റെ അമിത ആത്മവിശ്വാസം കാരണമെന്ന് എഎപി വക്താവ് പ്രിയങ്ക കക്കർ കുറ്റപ്പെടുത്തി.


ഡൽഹിയിൽ കോൺഗ്രസുമായി എഎപി സഖ്യത്തിനില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ഡൽഹിയിലും കൂടുതൽ സീറ്റുകൾ സമാജ്‌വാദി പാർട്ടിയും, എഎപിയും നൽകിയിരുന്നു. എന്നിട്ടും ഹരിയാനയിൽ ഇരു പാർട്ടികൾക്കും കോൺഗ്രസ് ഇടം നൽകിയില്ലെന്നും കക്കർ കുറ്റപ്പെടുത്തി. “ഒരു കാര്യം വ്യക്തമാണ്, തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം പുലർത്തരുത് എന്നതാണ് ഏറ്റവും വലിയ പാഠം.” -ഫലം പുറത്തുവന്നതിന് പിന്നാലെ അരവിന്ദ് കേജ്‌രിവാളും പ്രതികരിച്ചിരുന്നു.

ഹരിയാനയിലെ 90 സീറ്റുകളിൽ 88 എണ്ണത്തിൽ മത്സരിച്ച എഎപിക്ക് അക്കൗണ്ട് തുറക്കാനായില്ല. എക്സിറ്റ് പോളുകൾ എല്ലാം സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്. അതിനെയെല്ലാം അപ്രസക്തമാക്കി ബിജെപി ഭരണം നിലനിർത്തുകയായിരുന്നു. ബിജെപി 48 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം മറികടന്നപ്പോൾ കോൺഗ്രസ് 37 സീറ്റിലൊതുങ്ങി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസും എഎപിയും സഖ്യമുണ്ടാക്കിയായിരുന്നു മത്സരിച്ചത്. ആകെയുള്ള സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് വിട്ടുകൊടുത്തിരുന്നു. എന്നാൽ എല്ലായിടത്തും ബിജെപി വിജയിക്കുകയായിരുന്നു. കോൺഗ്രസിന് വലിയ അഹങ്കാരമായിരുന്നുവെന്നും ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയതാണ് എന്നുമാണ് തൃണമൂൽ കോൺഗ്രസിൻ്റെ കുറ്റപ്പെടുത്തൽ.

ഹരിയാനയിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇൻഡ്യ മുന്നണിയിൽ നിന്നും ആദ്യം പ്രതികരിച്ചത് ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) ആയിരുന്നു. ചെറിയ പാർട്ടികളെ കോൺഗ്രസ് കണക്കിലെടുത്തില്ല. ഒറ്റക്ക് വിജയിക്കാമെന്നാണ് കോൺഗ്രസ് കരുതിയതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു.

​”ഹരിയാനയിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞില്ല, കാരണം മറ്റാരുടെയും പിന്തുണയില്ലാതെ ഒറ്റക്ക് ജയിക്കാൻ സാധിക്കുമെന്നാണ് അവർ കരുതിയത്. അതുതന്നെയായിരുന്നു കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെയും മനസിലിരുപ്പ്. സമാജ് വാദി പാർട്ടി, എഎപി, മറ്റ് ചെറു പാർട്ടികൾ എന്നിവയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിൽ ചിലപ്പോൾ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു.

ഹരിയാനയില്‍ വിജയിക്കാൻ ബിജെപി പയറ്റിയ വഴി വ്യത്യസ്തമായിരുന്നു. പരാജയപ്പെട്ടേക്കാവുന്ന പോരാട്ടമാണ് അവർ തങ്ങൾക്ക് അനുകൂലമാക്കിയത്. കോൺഗ്രസ് വിജയിക്കുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ അവർ പരാജയപ്പെട്ടു. വ്യവസ്ഥാപിതമായ ആസൂത്രണങ്ങളിലൂടെ ബി.ജെ.പി വിജയം കൊയ്തു. അവരെ കണ്ടുപഠിക്കണം.”-റാവത്ത് പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിൻ്റെ നേതൃത്വത്തിലാണ് ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം മുന്നേറിയതെന്നും ശിവസേന നേതാവ് കൂട്ടിച്ചേർത്തു.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്ക മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എൻസിപി(ശരദ് പവാർ വിഭാഗം), സമാജ് വാദി പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കോൺഗ്രസിൻ്റ ശക്തികേന്ദ്രങ്ങളിൽ സഖ്യകക്ഷികളോട് കാണിക്കുന്ന സമീപനത്തിന് എതിരെ മുന്നണിയിൽ നിന്നുതന്നെ മുറുമുറുപ്പ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top