‘ജെറ്റ്’ ഉടമയുടെ വിലാപം കോടതിയിൽ; പ്രതീക്ഷയെല്ലാം നശിച്ചു, ജയിലിൽ മരിക്കാൻ അനുവദിക്കണമെന്ന് നരേഷ് ഗോയൽ
മുംബൈ: രാജ്യത്തെ ഏറ്റവും പ്രമുഖമായിരുന്ന വിമാനക്കമ്പനിയെ 25 വർഷത്തിലേറെ നയിച്ച ഒന്നാംനിര ബിസിനസുകാരൻ; ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായി ഫോർബ്സ് മാസിക കണ്ടെത്തിയയാൾ; വ്യവസായരംഗത്തെ മികവിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ…. സ്വന്തം ക്രെഡിറ്റിൽ ഇത്രയെല്ലാമുണ്ടായിരുന്ന 75കാരനാണ് മുംബൈയിൽ കോടതിയിൽ കഴിഞ്ഞ ദിവസം കൂപ്പുകൈകളോടെ നിന്ന് വിതുമ്പിയത്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു, ജയിലില്‍ മരിക്കാന്‍ അനുവദിക്കണം, ഭാര്യ അനിത ഗോയലിന് ക്യാൻസർ ഗുരുതരമായിരിക്കുന്നു, അവരെ കാണാനാകാതെ താൻ വിഷമിക്കുന്നു…..
538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ സെപ്തംബർ ഒന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഗോയൽ അതുമുതൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കാനറ ബാങ്കിൻ്റെ പരാതിയിലാണ് തുടർന്ന് ഗോയൽ, ഭാര്യ അനിത, ജെറ്റ് എയർവേയ്‌സിന്റെ മുൻ എക്‌സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഇ.ഡി കേസെടുത്തത്. 848 കോടി രൂപ തങ്ങള്‍ ജെറ്റ് എയര്‍വേസിന് വായ്പ നല്‍കിയെന്നും ഇതില്‍ 538 കോടി രൂപ തിരികെ കിട്ടാനുണ്ടെന്നുമാണ് പരാതി.
കോടതിക്ക് മുന്നിൽ വിറയലോടെ നിന്ന് നരേഷ് ഗോയലിനെ കണ്ട ജഡ്ജി, നിൽക്കാൻ പോലും അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ക്യാൻസർ ബാധിതയായ ഭാര്യ അത്യാസന്ന നിലയിൽ കിടപ്പിലാണെന്നും ഏക മകള്‍ക്കും സുഖമില്ലെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. നീര്‍വീക്കം വന്ന കാല്‍മുട്ടുകള്‍, മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ തുടങ്ങി ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും ജയിൽ ജീവനക്കാരിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം വൈകാരികമായി പറഞ്ഞു.
ചികിത്സയ്ക്കായി കൊണ്ടുപോകുന്ന ജെ.ജെ. ആശുപത്രിയിലെ തിരക്കും അസൗകര്യങ്ങളും ശരിയായ പരിശോധനയ്ക്കും തുടര്‍ പരിചരണത്തിനും തടസ്സമാണെന്നും ഗോയല്‍ ആശങ്ക പ്രകടിപ്പിച്ചു. തന്നെ ഇനിയും അവിടേക്ക് അയക്കരുതെന്നും പകരം ജയിലിൽ മരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പലവട്ടം കോടതിയോട് അപേക്ഷിച്ചു. 75-ാം വയസ്സിൽ ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും നിലവിലെ സാഹചര്യത്തിൽ മരണമാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായത് കാരണം കോടതി നടപടികളിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞെങ്കിലും തന്റെ ആശങ്കകൾ വ്യക്തിപരമായി സമർപ്പിക്കാനാണ് ഇത്തവണ കോടതിയില്‍ ഹാജരായതെന്നും പറഞ്ഞു.
ഗോയലിന്റെ ഹർജി കേട്ട ജഡ്ജി അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം ശ്രദ്ധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ഗോയലിന്റെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകരോട് കോടതി നിർദേശിച്ചു. ഒന്നിലധികം അസുഖങ്ങൾ ചൂണ്ടിക്കാട്ടി ഗോയൽ നൽകിയിട്ടുള്ള ജാമ്യാപേക്ഷ ജനുവരി 16ന് വീണ്ടും പരിഗണിക്കും.
നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വേസ്
രാജ്യത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ ഒന്നായിരുന്നു ജെറ്റ് എയര്‍വേസ്. 1993ല്‍ സ്ഥാപിച്ച കമ്പനി ആദ്യകാലങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. 2019 വരെ 18% വിപണിവിഹിതമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയുമായിരുന്നു ജെറ്റ് എയര്‍വേസ്. എന്നാല്‍ വിപണിയില്‍ മത്സരം കൂടിയതോടെ ടിക്കറ്റ് വില വന്‍ തോതില്‍ കുറയ്ക്കേണ്ടി വന്നു. പണക്കാരന്റെ മാത്രം വാഹനം സാധാരണക്കാരന്റെ കൂടിയായി. ഇന്‍ഡിഗോയോടും സ്പൈസ് ജെറ്റിനോടും മത്സരിക്കാന്‍ സഹാറയുമായി ലയിച്ച് ജെറ്റ് ലൈറ്റ് ഇറക്കി. ചിലവ് കുറഞ്ഞ വിമാനയാത്രയായിരുന്നു ജെറ്റ് ലൈറ്റിന്റെ യു.എസ്.പി. എന്നാല്‍ വരുമാനം കുറഞ്ഞതോടെ മുന്നോട്ട് പോകാനാകാതെ 2019 ഓടെ ക്രാഷ് ലാൻഡ് ചെയ്യേണ്ട അവസ്ഥയിൽ ജെറ്റ് എത്തിപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here