അല്ലു അർജുൻ അറസ്റ്റിൽ; യുവതി മരിച്ച കേസിൽ ശക്തമായ നടപടിയുമായി പോലീസ്
തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ അറസ്റ്റിൽ. തൻ്റെ പുതിയ ചിത്രമായ പുഷ്പ 2വിന്‍റെ റിലീസിന് ഇടയിൽ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലുവിൻ്റെ വീട്ടിൽ എത്തിയായിരുന്നു അറസ്റ്റ്. ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സിൻ്റേതാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ചികട്പല്ലി പോലീസ് സ്റ്റേഷനിലേക്ക് താരത്തെ മാറ്റി.
Also Read: ആരും ഇതുവരെ സ്വന്തമാക്കാത്ത നേട്ടത്തിൽ പുഷ്പ 2; ബോക്സോഫിസ് ചരിത്രത്തിലെ അതിവേഗ കുതിപ്പ്
പുഷ്പ 2 പ്രീമിയർ ഷോ നടക്കുന്നതിന് ഇടയിൽ ഉണ്ടായ അപകടത്തിൽ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത് പിന്നാലെയാണ് അറസ്റ്റ്. ഈ മാസം നാലിന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ അപ്രതീക്ഷിതമായി എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടം സംഭവിച്ചത്. രേവതിയെന്ന 35കാരിയാണ് മരിച്ചത്. ഇവരുടെ മകനും പരുക്കേറ്റിരുന്നു.
അല്ലു അർജുൻ തിയേറ്ററിൽ എത്തുന്ന വിവരം പോലീസിനെ വളരെ വൈകിയാണ് അറിയിച്ചതെന്നാണ് വിമർശനം. കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ബിഎൻസ് സെക്ഷൻ 105, 118 (1) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here