ഭാര്യക്ക് സ്നേഹ ചുംബനം നല്‍കി പോലീസ് വാഹനത്തിലേക്ക്; നാടകീയമായി അറസ്റ്റിന് വഴങ്ങി നടന്‍

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ അറസ്റ്റിനിടെ നാടകീയ രംഗങ്ങള്‍. പോലീസ് അറസ്റ്റില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ശേഷമാണ് അല്ലു പോലീസ് വാഹനത്തില്‍ കയറിയത്. ജൂബിലി ഹില്‍സിലെ വസതിയില്‍ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്തോട് അല്ലുവിന്റെ ഭാര്യ സ്നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദും തര്‍ക്കിച്ചു. കിടപ്പുമുറി വരെ എത്തി കസ്റ്റഡിയിലെടുത്തത് ശരിയായില്ല, വസ്ത്രം മാറാനും അനുവദിച്ചില്ല തുടങ്ങിയ എതിര്‍പ്പുകള്‍ നടനും ഉന്നയിച്ചു.
കാപ്പി കുടിച്ച് കഴിഞ്ഞേ അറസ്റ്റ് നടക്കുകയുള്ളൂ എന്നും പറഞ്ഞു. ഇതെല്ലാം അനുവദിച്ച് പ്രകോപനം ഉണ്ടാക്കാതെയാണ് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഭാര്യക്ക് സ്നേഹ ചുംബനം കൂടി നല്‍കിയ ശേഷമാണ് അല്ലു പോലീസിനൊപ്പം പോയത്. പോലീസ് വാഹനത്തില്‍ അല്ലുവിനൊപ്പം കയറാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും നടന്‍ തന്നെ വിലക്കുകയും ചെയ്തു.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ നടന്ന പ്രിമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. ആരാധകര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകന്‍ സുകുമാറും എത്തിയതോടെയാണ് എല്ലാ നിയന്ത്രണവും കൈവിട്ടുപോയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
അല്ലുവിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ചിക്കഡപള്ളി പൊലീസ് സ്റ്റേഷനു മുന്നില്‍ താരത്തിന്റെ ആരാധകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. താരത്തെ വൈദ്യപരിശോധനക്ക് എത്തിച്ച ഗാന്ധി ആശുപത്രിയുടെ പരിസരത്തും ആരാധകരുടെ വന്‍കൂട്ടമെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here